സേലം: തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഒരു മലയിടുക്കിൽ 35 കാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകൾ നീക്കി പൊലീസ്. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ച വഞ്ചനയുടെയും ക്രൂരതയുടെയും കഥയാണ് പൊലീസ് പുറത്ത് കൊണ്ട് വന്നത്. ലോഗനായകി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
യുവതിയെ കാമുകനും അയാളുടെ രണ്ട് കാമുകിമാരും ചേർന്ന് വിഷം നൽകി 30 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഒരു സ്വകാര്യ കോച്ചിംഗ് സെന്‍ററിൽ ജോലി ചെയ്യുകയും ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന ലോഗനായകിയെ മാർച്ച് ഒന്ന് മുതൽ കാണാനില്ലായിരുന്നു. ഇവരുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ 22 കാരനായ അബ്‍ദുൾ അബീസുമായാണ് അവസാനമായി സംസാരിച്ചതെന്ന് കണ്ടെത്തി. ലോഗനായകി അബ്‍ദുളുമായി പ്രണയത്തിലായിരുന്നുവെന്നും യേർക്കാടിൽ അയാളെ കാണാൻ പോയിരുന്നുവെന്നും കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി.
അബ്‍ദുളും അയാളുടെ മറ്റ് രണ്ട് കാമുകിമാരായ ഐടി ജീവനക്കാരിയായ താവിയ സുൽത്താനയും നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷയും ചേർന്ന് ലോഗനായകിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് ഒടുവിൽ പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ലോഗനായകി അബ്‍ദുളുമായി വേർപിരിയാൻ തയ്യാറായിരുന്നില്ലെന്നും ഇസ്ലാം മതം സ്വീകരിച്ച് അൽബിയ എന്ന് പേര് മാറ്റാൻ തീരുമാനിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, അബ്‍ദുൾ താവിയയുമായും മോനിഷയുമായും അടുപ്പത്തിലായി.
സംസാരിക്കാനെന്ന് പറഞ്ഞ് ലോഗനായകിയെ യേർക്കാടിൽ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് പരിക്കിനുള്ള വേദനസംഹാരി എന്ന വ്യാജേന അവർക്ക് വിഷം കുത്തിവെച്ചു. ബോധം നഷ്ടപ്പെട്ടപ്പോൾ യുവതിയെ മലയിടുക്കിലേക്ക് തള്ളിയിട്ട് ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് യേർക്കാട് പൊലീസ് അബ്‍ദുളിനെയും താവിയയെയും മോനിഷയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
Post a Comment