Join News @ Iritty Whats App Group

വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം; തുമ്പ് കിട്ടാതെ പൊലീസ്, ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം

കോട്ടയം: കോട്ടയം മണർകാട് വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവത്തിൽ തുമ്പ് കിട്ടാതെ പൊലീസ്. ലഹരിയുടെ അംശമുള്ളിൽ ചെന്നത് മിഠായിൽ നിന്നാണെന്ന് സ്ഥിരീകരിക്കാൻ പൊലീസ് കഴിഞ്ഞില്ല. അതേസമയം, കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ബെൻസൊഡയാസിപെൻസിന്റെ അംശം കണ്ടെത്തിയതെന്നുമാണ് നിഗമനം. ചില മരുന്നുകളിൽ നിന്ന് ബെൻസൊഡയാസിപെൻസ് ശരീരത്തിൽ രൂപപ്പെടുമെന്ന് പൊലീസിന് ഡോക്ടർമാരുടെ ഉപദേശം കിട്ടിയിരുന്നു. കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടന്നുവരികയാണ്. 

കോട്ടയം മണ‍ർകാട് നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നെന്നാണ് പരാതി. അങ്ങാടിവയൽ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളിൽ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിനും കളക്ടർക്കും പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ മാസം 17 ന് കുട്ടി സ്കൂളിൽ നിന്ന് വീട്ടിൽ വന്നപ്പോൾ മുതലാണ് അസ്വാഭാവികതകൾ പ്രകടിപ്പിച്ചത്. ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് ചോക്ലേറ്റിൽ കഴിച്ചതിൽ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണെന്ന സംശയം ഉയർന്നത്. ഇക്കാര്യം ഡോക്ടറെ അറിയിച്ചു. പക്ഷേ ഇതിനിടിയിൽ കുട്ടി അബോധാവസ്ഥയിലായി, രക്തസമ്മർദം കൂടി. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി വിദഗ്ധ പരിശോധന നടത്തുകയായിരുന്നു.

ഉറക്കമില്ലായ്മയുൾപ്പടെയുള്ള രോഗാവസ്ഥയ്ക്ക് നൽകുന്ന മരുന്നാണ് ബെൻസോഡായാസിപെൻസ്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പക്ഷേ കുട്ടി കഴിച്ച ചോക്ലേറ്റിൽ എങ്ങനെ മരുന്നി‍ന്‍റെ അംശം എത്തിയതെന്നതിനാലാണ് ഇപ്പോഴും അവ്യക്തത. വടവാതൂരിലെ സ്വകാര്യ സ്കൂൾ അധികൃതർക്ക് ക്ലാസ് മുറിയിൽ എങ്ങനെ ചോക്ലേറ്റ് എത്തിയെന്ന് അറിയില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകിയത്. കുട്ടി ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതേ ഉള്ളൂവെന്ന് കുടുംബം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group