Join News @ Iritty Whats App Group

ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുത്; ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മധ്യസ്ഥര്‍; അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് യുഎന്‍


ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാന്‍ നോക്കരുതെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും. ഗാസയിലേക്കുള്ള എല്ലാ ജീവകാരുണ്യസഹായങ്ങളും സേവനങ്ങളും തടഞ്ഞ ഇസ്രയേല്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും രംഗത്തെത്തിയത്.

പട്ടിണി ആയുധമാക്കി ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷികനിയമങ്ങള്‍ ലംഘിക്കുകയാണ്. ഇസ്രയേലിന്റെ നടപടി ആശങ്കാനകമാണെന്ന് യുഎന്‍. വ്യക്തമാക്കി. റംസാനും ജൂതരുടെ പെസഹ ആഘോഷവും കണക്കിലെടുത്ത് ആദ്യഘട്ടവെടിനിര്‍ത്തല്‍ ഏപ്രില്‍ 20-വരെ നീട്ടാമെന്ന് യു എസ് നിര്‍ദേശിച്ചിരുന്നു. ഈ കരാറിനെ ഇസ്രയേല്‍ അംഗീകരിച്ചെങ്കിലും ഹമാസ് തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തല്‍ നീട്ടിയില്ലെങ്കില്‍ ഗുരുതപ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞ് ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായം തടയുന്നത്.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള യുഎസ് നിര്‍ദേശം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു താക്കീത് നല്‍കി.

ഗാസ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ പിരിഞ്ഞിരുന്നു. ജനുവരിയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ മൂന്നു ഘട്ടമായുള്ള വെടിനിര്‍ത്തലിനു ധാരണയായിരുന്നെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. ഇതിനോടു യോജിക്കാന്‍ ഹമാസ് തയാറാവാത്തതാണു സാഹചര്യം വഷളാക്കിയിരിക്കുന്നത്.

വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം റമസാന്‍ വരെയോ ഏപ്രില്‍ 20 വരെയോ നീട്ടാന്‍ യുഎസിന്റെ മധ്യപൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് നിര്‍ദേശിച്ചിരുന്നു.

അതേസമയം, സഹായങ്ങളുമായി വരുന്ന ട്രക്കുകള്‍ തടയുന്ന തീരുമാനം വിലകുറഞ്ഞ ബ്ലാക്ക് മെയിലിങ്ങാണെന്നും യുദ്ധക്കുറ്റമാണെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ഹമാസ് പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണിതെന്നും ഇസ്രായേലിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ മധ്യസ്ഥര്‍ ഇടപെടണമെന്നും ഹമാസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group