തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രായപരിധി നിബന്ധനയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. പോളിറ്റ്ബ്യൂറോയിലും സംസ്ഥാനകമ്മറ്റിയിലും പിണറായി വിജയനെ പ്രായപരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. സമ്മേളന സമയത്ത് 75 വയസ്സ് പൂര്‍ത്തിയാകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനും കേന്ദ്രക്കമ്മറ്റിയില്‍ ഇ.പി. ജയരാജനും തുടര്‍ന്നേക്കും. സംസ്ഥാനകമ്മറ്റിയിലും പിബിയിലും പിണറായിക്ക് പ്രായപരിധി ഇളവ് നല്‍കാനാണ് തീരുമാനം. അടുത്തമാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അന്തിമമായ തീരുമാനം ഉണ്ടാകും. 75 വയസ്സ് പ്രായപരിധി കര്‍ശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റിലെ എ.കെ. ബാലന്‍, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ഒഴിവാകാനാണ് സാധ്യത. ഇവര്‍ക്ക് പകരമായി പുതുമുഖങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തും.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായം 80 ല്‍ നിന്നും 75 ആയി കുറച്ചത്. പിണറായിയുടെ പ്രായം 75 കടന്നെങ്കിലും ഏക മുഖ്യമന്ത്രി എന്നതും ഭരണതുടര്‍ച്ചയെന്നതും അനുകൂല ഘടകങ്ങളാണ്. വരുന്ന മെയ് മാസം കേന്ദ്രക്കമ്മറ്റിയംഗം കൂടിയായ ഇ.പി. ജയരാജന് 75 തികയും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് ജൂണിലും 75 തികയും. സമ്മേളനഘട്ടത്തില്‍ ഇരുവര്‍ക്കും 75 തികഞ്ഞില്ല എന്നതിന്റെ ആനുകൂല്യത്തിലാണ് ഇവര്‍ക്ക് ഇളവ് കിട്ടിയിരിക്കുന്നത്.
Ads by Google
Post a Comment