അബുദാബി : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ കേന്ദ്രങ്ങളിൽ ഈ വർഷത്തോടെ മാറ്റം വരും. എല്ലാ സേവനങ്ങൾക്കുമായുള്ള ഏകീകൃത കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ മിഷൻ. എല്ലാ കോൺസുലാർ സർവീസും ഒരു കുടക്കീഴിലാക്കുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ ആരംഭിക്കുന്നതിന് സേവന ദാതാക്കളിൽ നിന്ന് ബിഡുകൾ ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ എംബസി ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ തന്നെ ഈ പദ്ധതി നടപ്പാക്കുമെന്നാണ് പ്രാദേശിക മാധ്യമമായ ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
യുഎഇയിലെ നാൽപ്പത് ലക്ഷം വരുന്ന ഇന്ത്യക്കാർക്കും ഇന്ത്യൻ വിസ സേവനങ്ങൾ ആവശ്യമായുള്ള വിദേശികൾക്കുമായി ഐസിഎസിയുടെ 14 ബ്രാഞ്ചുകൾ തുറക്കാനാണ് ഇന്ത്യൻ എംബസി പദ്ധതിയിടുന്നത്. നിലവിൽ പാസ്പോർട്ട്, വിസ ആപ്ലിക്കേഷനുകൾ ബിഎൽഎസ് ഇന്റർനാഷനലും രേഖകളുടെ അറ്റസ്റ്റേഷൻ പോലുള്ള സേവനങ്ങൾ ഐവിഎസ് ഗ്ലോബലുമാണ് കൈകാര്യം ചെയ്യുന്നത്. ഇവ രണ്ടും പുറമേയുള്ള സേവന ദാതാക്കളാണ്. വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നതിനായാണ് ഏകീകൃത കേന്ദ്രം കൊണ്ടുവരുന്നത്. കഴിഞ്ഞവർഷം ഐസിഎസി പദ്ധതി നടപ്പാക്കുന്നതിനായി 2023ലും എംബസി സമാന ടെൻഡർ വിളിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ആ ടെൻഡർ റദ്ദാക്കുകയായിരുന്നു.
അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ വെബ്‌സൈറ്റ്, അപേക്ഷകൾ തത്സമയം ട്രാക്ക് ചെയ്യുന്നതിനുള്ള ഡാഷ്‌ബോർഡ്, അപ്പോയിന്റ്മെന്റുകൾ നൽകുന്നതിനും അപേക്ഷകൾ സമർപ്പിക്കാനുമുള്ള കർശന സമയപരിധി തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുന്ന ടെൻഡറാണ് പുതിയതായി വിളിച്ചിരിക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ സേവന ദാതാവിന് പിഴ ചുമത്തുന്നതായിരിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കണമെന്നും ഓരോ അപേക്ഷക്കും 30 മിനിട്ട് മാത്രമേ ഉപയോഗിക്കാവൂ എന്നും എംബസി മുന്നോട്ട് വെക്കുന്ന നിർദേശങ്ങളിൽ പറയുന്നുണ്ട്. അബുദാബിയിലെ അൽ ഖാലിദിയ, അൽ റീം, മുസഫ, ദുബായിലെ ബർ ദുബായ്, മറിന എന്നിവിടങ്ങളിലും അൽ ഐൻ, ഖായതി, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, ഖോർഫക്കാൻ, ഖൽബ, റാസൽഖൈമ എന്നിവിടങ്ങളിലുമാണ് ഐസിഎസിയുടെ ശാഖകൾ വരുന്നത്.
Post a Comment