ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിനില്ലെന്ന് സി.പി.എം. പാര്‍ലമെന്റിന് അകത്തും പുറത്തും 'ഇന്ത്യ' മുന്നണിയിലെ പാര്‍ട്ടികളുമായി സഹകരിക്കുമെന്നും ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന സി.പി.എംന്റെ 24--ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി.
ബി.ജെ.പിയേയും ആര്‍.എസ.്എസിനെയും, അവയ്ക്ക് പിന്തുണ നല്‍കുന്ന ഹിന്ദുത്വ കോര്‍പറേറ്റ് ശക്തികളേയും പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ കടമ . ബി.ജെ.പിയുടെ അതേ വര്‍ഗതാത്പര്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. ചങ്ങാത്ത മുതലാളിത്വത്തിനെതിരേ കോണ്‍ഗ്രസ് സംസാരിക്കും. എന്നാല്‍ മുതാളിത്ത ശക്തികള്‍ക്ക് സഹായകരമാകുന്ന നവലിബറല്‍ നയങ്ങളാണു കോണ്‍ഗ്രസ് പിന്തുടരുന്നതെന്നാണു സി.പി.എം. വിലയിരുത്തല്‍.
പ്രതിപക്ഷനിരയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര പാര്‍ട്ടിയാണു കോണ്‍ഗ്രസ്. അതിനാല്‍ മറ്റ് മതേതര പാര്‍ട്ടികളുടെ വിശാല ഐക്യത്തിലും, ബി.ജെ.പിക്കെതിരായ പോരാട്ടത്തിലും കോണ്‍ഗ്രസിന് നിര്‍ണായകമായ പങ്കാണുള്ളത്. മതേതര പാര്‍ട്ടികളുടെ വിശാല ഐക്യം കണക്കിലെടുത്താകും കോണ്‍ഗ്രസിനോടുള്ള സി.പി.എം സമീപനമെന്നും കരട് രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കി.
ജനാധിപത്യ ധ്വംസനം തടയുന്നതിനും ഭരണഘടന അട്ടിമറിക്കുന്നത് ചെറുക്കുന്നതിനുമായി എല്ലാ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്നും സി.പി.എം അറിയിച്ചു. ബി.ജെ.പിയെ ശക്തമായി എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കും. സി.പി.എം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വിവിധ പോളിറ്റ് ബ്യുറോ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയത്.
Post a Comment