ദില്ലി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.
ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സിസിടിവി നിരീക്ഷണവും തുടരുകയാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്.
എക്സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാർട്ടി ക്യാമ്പ്. അതിനിടെ, സ്ഥാനാർത്ഥികൾക്ക് മന്ത്രിസ്ഥാനവും 15 കോടി രൂപയും വാഗ്ദാനം ചെയ്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി അരവിന്ദ് കെജ്രിവാൾ ആരോപണം ഉന്നയിച്ചു. ആരോപണം വ്യാജമാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി ലഫ് ഗവർണർക്ക് കത്ത് നൽകി. ഗവർണർ ഉടൻ അന്വേഷണത്തിനുത്തരവിട്ടു. പിന്നാലെ ദില്ലി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം കെജ്രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ എഎപി പ്രവർത്തകർ ഗേറ്റിൽ തടഞ്ഞു. തുടർന്ന് നോട്ടീസ് നൽകി ഉദ്യോഗസ്ഥർ മടങ്ങി. എഎപിയും ദില്ലി പൊലീസിൽ അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
ബിജെപിയുടെ പരാതിയിൽ വളരെ പെട്ടെന്നാണ് നടപടിയുണ്ടായത്. എഎപിയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. അതിൽ അന്വേഷണം നടക്കുമെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. അരവിന്ദ് കെജ്രിവാൾ മത്സരിക്കുന്ന ന്യൂഡെൽഹി, മനീഷ് സിസോദിയ മത്സരിക്കുന്ന ജംഗ്പുര തുടങ്ങിയ സീറ്റുകളിലും സ്ഥിതി ഭദ്രമല്ല എന്നാണ് എഎപി നേതൃത്വത്തിൻറെ വിലയിരുത്തൽ. എക്സിറ്റ് പോൾ പ്രവചനം ശരിയായാൽ ഇന്ത്യ സഖ്യത്തിലും ദില്ലി ഫലം പൊട്ടിത്തെറിക്കിടയാക്കും. വോട്ടെണ്ണലിൻ്റെ തൊട്ട് തലേ ദിവസവും ദില്ലിയിൽ നാടകങ്ങൾ അവസാനിക്കുന്നില്ല. ഫലം വന്നാലും അവസാനിക്കാത്ത നിയമ പോരാട്ടങ്ങളിലേക്കാണ് വിവാദം നീളുന്നത്.
Post a Comment