റിയാദ്: സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്. എന്നാൽ, ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്. എന്നാൽ, അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയാൻ സാധിക്കൂ.
മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. വിസക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെ അപേക്ഷകരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോൾ വിസക്കുള്ള ഓപ്ഷൻ പുന:സ്ഥാപിക്കപ്പെട്ടതും ട്രാവൽ ഏജന്റുമാരാണ് പുറത്തുവിട്ടത്.
സൗദിയിലേക്ക് ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്ന മള്‍ട്ടിപ്പിൾ എന്‍ട്രി വിസിറ്റ് വിസകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഹജ്ജ് സീസണിനോടനുബന്ധിച്ചാണ് ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോർഡന്‍, സുഡാന്‍, അൾജീരിയ, ഇത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമൻ എന്നീ 14 രാജ്യങ്ങളില്‍നിന്നുളളവരായിരുന്നു വിസയ്ക്ക് അപേക്ഷിക്കാൻ കഴിയാതെ വെട്ടിലായത്. സന്ദർശന വിസക്ക് പുറമെ മള്‍ട്ടിപ്പിൾ എന്‍ട്രി ടൂറിസം, ബിസിനസ് വിസകളും നിർത്തിവെച്ചിരുന്നു.
إرسال تعليق