Join News @ Iritty Whats App Group

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; മലയാളികൾ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകൾ, പിടിമുറുക്കി ഇഡി

കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ പിടിയിലായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോ‍ഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്. 

ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു. 

500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു. വര്‍ഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.

ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചന നൽകി.

Post a Comment

أحدث أقدم
Join Our Whats App Group