തിരുവനന്തപുരം : ഒരു ഹയര്‍ സെക്കന്‍ഡറി ബാച്ചില്‍ 25 വിദ്യാര്‍ഥികളില്ലെങ്കില്‍ ആ ബാച്ചില്‍ സ്ഥിരാധ്യാപക നിയമനമില്ലെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പായാല്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 133 ബാച്ചുകളും എയ്ഡഡ് മേഖലയില്‍ 20 ബാച്ചുകളും പ്രതിസന്ധിയിലാകും. 447 അണ്‍ എയ്ഡഡ് ബാച്ചുകളില്‍ കുട്ടികളില്ല.
കഴിഞ്ഞ ജൂണില്‍ പ്ലസ്‌വണ്‍ ക്ലാസില്‍ അഡ്മിഷനെടുത്തത് 3,65,043 വിദ്യാര്‍ഥികളാണ്. മെറിറ്റ് സീറ്റുകളില്‍ 20117 ഉം മാനേജ്‌മെന്റ് സീറ്റുകളില്‍ 3751 ഉം അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 27,517 ഉം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. സംസ്ഥാനത്തെ 25 നു താഴെ വിദ്യാര്‍ഥികളുള്ള ബാച്ചുകള്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ 133 ം എയ്ഡഡ് മേഖലയില്‍ 20 ഉം ആണ്.
കുട്ടികള്‍ ഏറ്റവും കുറവുള്ള ഗവണ്‍മെന്റ് സ്‌കൂളുകള്‍ ആലപ്പുഴയില്‍ 22, പത്തനംതിട്ടയില്‍ 21, കോട്ടയത്ത് 17, എറണാകുളത്ത് 16 എന്നിങ്ങനെയാണ്. അണ്‍ എക്കണോമിക്കായ എയ്ഡഡ് ബാച്ചുകള്‍ ഏറ്റവും കൂടുതല്‍ പത്തനംതിട്ട ജില്ലയിലാണ്. എട്ട് ബാച്ചുകള്‍. കോട്ടയത്ത് മൂന്നും ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ടുവീതവും കണ്ണൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒന്നു വീതവുമാണ് ഇത്തരം ബാച്ചുകള്‍.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഏകീകരണനീക്കവും കീം പരീക്ഷയിലെ മാര്‍ക്ക് സമീകരണവുമായി ബന്ധപ്പെട്ട് കേരള ഹയര്‍ സെക്കന്‍ഡറിയിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍കൊണ്ടാണ് പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുന്നതെന്ന് അധ്യാപകര്‍ പറയുന്നു. 2024 ല്‍ പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് എ.എച്ച്.എസ്.ടി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മനോജിനു ലഭിച്ച വിവരാവകാശ രേഖയിലൂടെയാണ് കുട്ടികളുടെ കുറവ് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തായായത്.
Post a Comment