Join News @ Iritty Whats App Group

'സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല'; സ്ത്രീധന ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ഹർജി കേൾക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി




ദില്ലി: നിലവിലുള്ള സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമങ്ങൾ പുനഃപരിശോധിക്കുവാനും പരിഷ്കരിക്കുവാനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേൾക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചത്.



'സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല' എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ വിശാൽ തീവാരി എന്ന അഭിഭാഷകനാണ് സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിച്ച് പരിഷ്കരിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയത്. 



നിലവിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. വിവാഹ സമയത്ത് നൽകുന്ന സമ്മാനങ്ങൾ, പണം തുടങ്ങിയവയുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തി അത് വിവാഹ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കുവാനും സർക്കാർ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. 



"വിവാഹിതരായ സ്ത്രീകളെ സ്ത്രീധനം പോലുള്ള ഗാർഹിക പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടിയാണ് ഐപിസി പ്രകാരം സ്ത്രീധന നിരോധന നിയമം സെക്ഷൻ 498A നിയമങ്ങൾ ഉള്ളത്. എന്നാൽ ഇന്ന് അത് മറ്റ് അനാവശ്യ കാര്യങ്ങൾക്കും ഭർത്താവിനോടും ഭർത്താവിന്റെ വീട്ടുകാരോടുമുള്ള ദേഷ്യം തീർക്കുവാനും അതുവഴി അവരെ നിയമവലയിൽ കുടുക്കുവാനുമുള്ള ആയുധമായി സ്ത്രീകൾ കാണുന്നു. ഇത് കാരണം ശരിക്കുമുള്ള കുറ്റക്കാർപോലും രക്ഷപെടാനുള്ള സാധ്യതകൾ കൂടുന്നു. ഇത് ഒരു അതുലിന്റെ മാത്രം വിഷയമല്ല, ഇത്തരത്തിൽ പുരുഷന്മാരെ അനാവശ്യമായി കുറ്റക്കാരാക്കിയ ദാരുണമായ സംഭവങ്ങൾ നിരവധി നടന്നിട്ടുണ്ട്. സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം ഇത്തരം നിയമ വ്യവസ്ഥകളുടെ ഉദ്ദേശത്തെപ്പോലും പരാജയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group