തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപ തട്ടിപ്പ് വര്‍ദ്ധിക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളില്‍ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എ.ഐ സഹായത്തോടെ നിര്‍മ്മിച്ച് പ്രചരിപ്പിച്ചാണ് ഇവര്‍ വിശ്വാസം നേടിയെടുക്കുന്നത്.
ഇത്തരം പരസ്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേന വാട്സ്ആപ്, ടെലഗ്രാം ഗൂപ്പുകളില്‍ അംഗങ്ങള്‍ ആക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ട്രേിഡിങ് /ഐപിഒ ഇന്‍വെസ്റ്റ്മെന്‍റ് എന്നീ വ്യാജേന തട്ടിപ്പുകാര്‍ കൃത്രിമമായി നിര്‍മിച്ച വ്യാജ വെബ്സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്യുന്നു.
തുടക്കത്തില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയുന്നതോടെ സ്ഥാപനത്തിന്‍റെ വിശ്വാസ്യത വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് കൂടുതല്‍ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ ഐപിഒ വാങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വില്‍ക്കാന്‍ അനുവദിക്കാതെയും ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുകള്‍ കൈവശം വയ്ക്കുവാനും തട്ടിപ്പുകാര്‍ നിക്ഷേപകരെ നിര്‍ബന്ധിക്കുന്നു. നിക്ഷേപം പിന്‍വലിക്കാന്‍ കൂടുതല്‍ തുക ആവശ്യപ്പെകയും ചെയ്യുന്നു. ഒടുവിലാണ് ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകര്‍ തിരിച്ചറിയുന്നത്.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
Post a Comment