വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായെന്ന വിലയിരുത്തലിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സമിതി തള്ളിയിരുന്നു.
സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ക്കുകയായിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.
അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്ന് ഡിഎംകെ അംഗം എ രാജ പറഞ്ഞിരുന്നു. ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തു. ജെപിസിയുടെ തീരുമാനം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടുംമെന്നും രാജ സൂചന നൽകിയിരുന്നു. അതേസമയം ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.
Post a Comment