കൊച്ചി: വയനാട്, പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമെന്നു വിദഗ്ധര്‍. ഉത്തരവുപ്രകാരം കടുവയെ കൊല്ലുകയോ പരുക്കേല്‍പ്പിക്കുകയോ ചെയ്തിരുന്നെങ്കില്‍ അധികൃതര്‍ അഴിയെണ്ണേണ്ടിവരുമായിരുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര വന്യജീവി സംരക്ഷണനിയമം (1972), ഒന്നാം പട്ടികയിലാണു കടുവ ഉള്‍പ്പെടുന്നത്. മനുഷ്യജീവനു ഭീഷണിയുയര്‍ത്തുന്ന കടുവയെ വകുപ്പ് 11 പ്രകാരം കൂട് സ്ഥാപിച്ച് പിടികൂടുകയാണു വേണ്ടത്. അത് സാധിച്ചില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടി മറ്റ് കാടുകളിലേക്കു മാറ്റുകയോ സ്ഥിരമായി കൂട്ടിലടച്ച് സംരക്ഷിക്കുകയോ ചെയ്യണം. അതല്ലാതെ, ഏതു സാഹചര്യത്തിലായാലും കൊല്ലാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.
കടുവയെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിറക്കിയതോടെയാണു പഞ്ചാരക്കൊല്ലിയില്‍ ജനരോഷം തണുത്തത്. ഇത് കുറ്റകരമാണെന്ന് അറിയാവുന്ന വനപാലകര്‍ കടുവയെ വെടിവയ്ക്കാതിരുന്നതു ബോധപൂര്‍വമാണെന്നും വിലയിരുത്തലുണ്ട്. അതിനിടെ, കഴുത്തില്‍ മുറിവേറ്റ് ചത്തനിലയില്‍ കടുവയെ കണ്ടെത്തി. സംസ്ഥാനത്ത് വന്യജീവിശല്യം രൂക്ഷമായ സാഹചര്യത്തില്‍, അപകടകാരികളെ കൊല്ലുന്നതിനടക്കം നിയമഭേദഗതി ആവശ്യപ്പെട്ട് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞമാസം കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയിരുന്നു.
കാലാനുസൃതമായി വനം-വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ കടുവ, ആന തുടങ്ങിയ വന്യജീവികളെ പിടികൂടാനും ദ്രുതനടപടിയെടുക്കാനും തടസമായ കേന്ദ്രമാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യണമെന്നും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2022-ലെ ഭേദഗതി നിയമപ്രകാരം ഒന്നാംപട്ടികയിലുള്ള കുരങ്ങുവര്‍ഗങ്ങളെ രണ്ടാംപട്ടികയിലേക്കു മാറ്റുന്നതു പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സംസ്ഥാനസര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.
Post a Comment