കൊച്ചി : കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി: യതീഷ്ചന്ദ്ര ഐ.പി.എസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചതിനു പിന്നില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന നീക്കങ്ങളുണ്ടോ എന്ന കാര്യവും അനേ്വഷണ പരിധിയില്‍. ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം ഇക്കാര്യത്തില്‍ തുടരനേ്വഷണത്തിലേക്ക് കടക്കാനാണ് സൈബര്‍ ക്രൈം അനേ്വഷണ സംഘത്തിന്റെ നീക്കം.
യതീഷ് ചന്ദ്രയുടെ പേരും ചിത്രങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ പരാതിയിലാണ് കൊച്ചി സൈബര്‍ ക്രൈം യൂണിറ്റ് അനേ്വഷണം ആരംഭിച്ചത്. യതീഷ് ചന്ദ്ര യൂണിഫോമിലുള്ള ചിത്രങ്ങളുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതും സംശയം തോന്നിയ ജയ്‌സിങ്, യതീഷ് ചന്ദ്രയെ ഫോണില്‍ വിളിച്ചു. അക്കൗണ്ട് വ്യാജമെന്ന് ഉറപ്പിച്ചതോടെയാണ് പരാതി നല്‍കിയത്.
നേരത്തെ, തൃശൂര്‍ പോലീസ് കമ്മിഷണറായി ചാര്‍ജെടുത്ത നിശാന്തിനിയും തന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിനെതിരേ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നിശാന്തിനിയെ കൊച്ചിയില്‍നിന്നു മാറ്റിയത് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്ന മട്ടില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് വ്യാജ പ്രൊഫൈലും പ്രത്യക്ഷപ്പെട്ടത്. തന്റെ സ്ഥലം മാറ്റത്തിനെതിരേ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധിച്ചെന്ന പേരില്‍ വകുപ്പതല നടപടി നേരിടേണ്ടിവന്നേക്കാമെന്ന അപകടം മുന്‍കൂട്ടി കണ്ടാണ് നിശാന്തിനി പരാതി നല്‍കിയത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല, യുവനടന്‍ നസ്ലന്‍ കെ. ഗഫൂര്‍, നടി സ്വാസിക തുടങ്ങിയവരുടേതാണ് സൈബര്‍ യൂണിറ്റിനു മുന്നില്‍ വന്നിട്ടുള്ള മറ്റ് ശ്രദ്ധേയമായ പരാതികള്‍. സാസ്വിക സീത എന്ന പേരിലാണ് നടിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. ഇതില്‍ നടി അനുപമ പരമേശ്വരന്റേതടക്കം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരുന്നു.
പ്രമുഖരായ വ്യക്തികളെ ലക്ഷ്യമിട്ട് വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം മൂന്നു തരത്തിലാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. മാനസിക- ശാരീരിക-സാമ്പത്തിക തട്ടിപ്പുകളാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇതിലൊന്നും ഉള്‍പ്പെടാത്ത ലക്ഷ്യമാണ് യതീഷ് ചന്ദ്രയുടെ കാര്യത്തിലുണ്ടായിട്ടുള്ളതെന്ന് സൈബര്‍ വിദഗ്ധര്‍ അനുമാനിക്കുന്നു.
Post a Comment