Join News @ Iritty Whats App Group

കണ്ണൂർ വിമാനത്താവളത്തിന്റെ റൺവെ വികസനം; 8 വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല, 200ഓളം കുടുംബങ്ങൾ ദുരിതത്തിൽ


കണ്ണൂർ: പുതിയ വീട് വെക്കാനോ ഉള്ളത് പുതുക്കി പണിയാനോ വിലക്ക് വീണതോടെ കഷ്ടത്തിലാണ് കണ്ണൂർ വിമാനത്താവളത്തിന്റെ റൺവെ വികസനത്തിന്‌ സ്ഥലം വിട്ടുനൽകിയവർ. എട്ട് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ, ഒന്നും ചെയ്യാനാകാത്ത ഭൂമി ഇരുന്നോറോളം കുടുംബങ്ങൾക്ക് ബാധ്യതയായി. സർക്കാരിന്റെ ഉറപ്പ് വെറുതെയായപ്പോൾ, മുഖ്യമന്ത്രിയുടെ ജില്ലയിൽ, കെ കെ ശൈലജയുടെ മണ്ഡലത്തിൽ, സിപിഎം പ്രാദേശിക നേതൃത്വത്തിനും സമരത്തിന് ഇറങ്ങേണ്ടി വന്നു.

കാനാടാണ് റസിയയുടെ ചോർന്നൊലിക്കുന്ന വീട്. കോൺക്രീറ്റ് വീടിന് പായ വലിച്ചുകെട്ടിയ മേൽക്കൂരയാണ്. ഏഴ് വർഷം മുമ്പ് തറ കെട്ടിയെങ്കിലും വീട് പണിയാൻ പഞ്ചായത്ത് അനുമതി നൽകിയില്ല. ഇതോടെ തറ വെറുതെയായി. ചെലവാക്കിയ പണം ബാധ്യതയുമായി. രണ്ട് ലക്ഷം രൂപ മുടക്കിയാണ് തറ കെട്ടിയതെന്നും ഇനിയെന്ത് ചെയ്യുമെന്ന് അറിയില്ലെന്നും റസിയ പറയുന്നു. വീട് പുതുക്കാനോ പുതിയത് പണിയാനോ കഴിയാത്ത ഗതികേടിലാണ് കാനാടുള്ള പ്രസന്നയും. ഏറ്റെടുക്കൽ വൈകുമ്പോൾ അതൊരു സാമൂഹിക പ്രശ്നമാകും. വിമാനത്താവളത്തിൽ നിന്ന് നോക്കിയാൽ കാണാം അഷ്റഫിന്‍റെ വീട്. ആരോഗ്യപ്രശ്നങ്ങളേറെ, തൊഴിലെടുക്കാൻ വയ്യ. വീടുണ്ട്, സ്ഥലമുണ്ട്. എന്നിട്ടും.

റൺവേ നീളം 3050 ൽ നിന്ന് 4000 മീറ്ററാക്കാൻ ഏറ്റെടുക്കാൻ തീരുമാനിച്ചത് 2017ൽ. ആദ്യഘട്ട വിജ്ഞാപനം തൊട്ടടുത്ത വർഷം. പണം കിട്ടാൻ കാത്തിരിപ്പ് നീണ്ടപ്പോൾ നാട്ടുകാർ കർമസമിതിയുണ്ടാക്കി. ജീവിതം വഴിമുട്ടിയപ്പോൾ ആര് ഭരിക്കുന്നെന്നില്ല, ഏത് രാഷ്ട്രീയമെന്നില്ല. സർക്കാർ വാക്ക് തെറ്റിച്ചപ്പോൾ സ്ഥലമിടപാടും വീട് നിർമാണവുമെല്ലാം മുടങ്ങി ഊരാക്കുടുക്കിലായവരെ കണ്ടു. വിമാനത്താവളത്തിന്‍റെ തൊട്ടതിരിൽ, ഒരു വലിയ ജനവാസമേഖല ഇന്ന് ശൂന്യമായിട്ടുണ്ട്. മരണം പേടിച്ച് മനുഷ്യർ, വെറും കയ്യോടെ അവിടെ നിന്ന് ഓടിപ്പോയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group