ദില്ലി: ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ച (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് യോഗചാര്യൻ ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർവേദ ഗ്രൂപ്പിൻ്റെ പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ നിന്ന് 4000 കിലോ മുളക് പൊടി പിൻവലിച്ചു. ബാച്ച് നമ്പർ - AJD2400012ൻ്റെ 200 ഗ്രാം മുളകുപൊടി പാക്കറ്റുകളാണ് പിൻവലിച്ചത്. ബാച്ച് മുഴുവൻ തിരികെ വിളിക്കാൻ പതഞ്ജലി ഫുഡ്‌സിന് എഫ്എസ്എസ്എഐ നിർദ്ദേശം നൽകി.
4000 കിലോ മുളകുപൊടി വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഞ്ജീവ് അസ്താന ഒരു ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മാലിന്യങ്ങൾ, വിഷവസ്തുക്കൾ, അവശിഷ്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തിയത്. മുളകുപൊടി വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലി അതിൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും ഉയർന്നനിലവാരം നിലനിർത്താനും പൂർണ്ണമായും അനുസരണമുള്ള വിതരണ ശൃംഖല ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ വിശദീകരിച്ചു.
പരിശോധനയില്‍ സാമ്പിളില്‍ കീടനാശിനിയുടെ അളവ് അനുവദനീയമായ പരിധിക്ക് അനുസൃതമല്ലെന്ന് കണ്ടെത്തി. നിർദ്ദിഷ്‌ട നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസൃതമായി, വിതരണ പങ്കാളികളെ അറിയിക്കാൻ കമ്പനി ഉടനടി നടപടികൾ കൈക്കൊള്ളുകയും ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കളിലേക്ക് വിവരമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവിളിച്ച ഉൽപ്പന്നത്തിന്റെ അളവ് വളരെ ചെറുതാണെന്നും സിഇഒ വ്യക്തമാക്കി.
Post a Comment