Join News @ Iritty Whats App Group

ഗാസയിൽ 65 പേര്‍ കൂടി കൊല്ലപ്പെട്ടു , ലബനനില്‍ 21 മരണം ; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍



ഗാസ സിറ്റി
ഗാസയിൽ ചൊവ്വ വൈകിട്ട് മുതൽ ബുധൻ വൈകിട്ടുവരെ ഇസ്രയേൽ 65 പേരെ കൊന്നൊടുക്കി. 140 പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസയിൽ തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇസ്രയേൽ കടുത്ത ആക്രമണം തുടരുന്നു. മേഖല തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ കൊടുംക്രൂരതകളാണ് അരങ്ങേറുന്നതെന്ന് റിപ്പോർട്ട്.
പതിനഞ്ച് ദിവസമായി ഭക്ഷണമോ വെള്ളമോ ലഭിക്കാതിരുന്ന വടക്കൻ ഗാസയിലേക്ക് ചൊവ്വാഴ്ച മാത്രമാണ് യുഎൻ ട്രക്കുകൾക്ക് ഇസ്രയേൽ പ്രവേശനം അനുവദിച്ചത്. ഗാസയിൽ അഞ്ചുലക്ഷത്തിലധികം പേർ കൊടുംപട്ടിണിയിലാണെന്ന് ഓക്സ്ഫാം റിപ്പോർട്ട്.

മേഖലയിലേക്ക് കൂടുതൽ സഹായം എത്തിച്ചില്ലെങ്കിൽ അമേരിക്ക ഇസ്രയേലിന് നൽകുന്ന സഹായം കുറയ്ക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. അമേരിക്കൻ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഗാസ നിലപാടിൽ രാജ്യത്ത് നിലനിൽക്കുന്ന കടുത്ത സർക്കാർവിരുദ്ധ വികാരം കണക്കിലെടുത്താണ് ബൈഡന്റെ പ്രതികരണം.

അതിനിടെ, ഇസ്രയേൽ 12 ദിവസമായി ആക്രമണം തുടരുന്ന ജബലിയ അഭയാർഥി ക്യാമ്പിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 350 ആയി.അതിതീവ്ര നിലപാട് സ്വീകരിക്കുന്ന ഇസ്രയേൽ ദേശസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ, ധന മന്ത്രി ബെസാലെൽ സ്മോട്രിച്ച് എന്നിവർക്ക് ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു.

ലബനനില് 21 മരണം
ലബനനിൽ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടു. തെക്കൻ പട്ടണമായ കാനായിൽ 15 പേരുടെ ജീവനെടുത്തു. 1996ൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തിയ നഗരമാണിത്. അതിനിടെ, തെക്കൻ നഗരം നബാതിയേയിലെ നഗരസഭാ ഓഫീസിലേക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണതതിൽ മേയർ അഹമ്മദ് കാഹിലടക്കം ആറുപേർ കൊല്ലപ്പെട്ടു.

ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം ബെയ്റൂട്ടിന്റെ സമീപപ്രദേശങ്ങളിൽ വീണ്ടും മിസൈൽ ആക്രമണങ്ങളുണ്ടായി. വടക്കൻ ലബനനിൽ 22 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഇസ്രയേലിന് തക്ക തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ളയുടെ താൽക്കാലിക മേധാവി ഷെയ്ഖ് നയിം കാസെം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group