ഹാനോയ്: വിയറ്റ്നാമിനെ വലച്ച് യാഗി ചുഴലിക്കാറ്റ്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായാണ് യാഗി വിയറ്റ്നാമിന്റെ കര തൊട്ടിരിക്കുന്നത്. മണിക്കൂറിൽ 203 കിലോമീറ്ററിലേറെ വേഗതയിൽ ശനിയാഴ്ച രാവിലെയാണ് യാഗി വടക്കൻ വിയറ്റ്നാമിൽ കരതൊട്ടതെന്നാണ് ഇൻഡോ പസഫിക് ട്രോപിക്കൽ സൈക്ലോൺ മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയത്.
വീടുകൾക്കും കെട്ടിടങ്ങൾക്കും വലിയ രീതിയിൽ നാശം വിതച്ചെത്തിയ യാഗി വലിപ്പ വ്യത്യാസമില്ലാത വാഹനങ്ങളേയും ആളുകളേയും ചുഴറ്റിയെറിയുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഹനോയിൽ വലിയ രീതിയിൽ വൈദ്യുതി ബന്ധം താറുമാറാക്കിയാണ് ചുഴലിക്കാറ്റ് യാഗി എത്തിയിരിക്കുന്നത്. ഹൈ ഫോംഗ് ആൻഡ് ക്വാംഗ് നിൻ പ്രവിശ്യയിലാണ് യാഗി ആദ്യമെത്തിയത്. വിമാന സർവീസുകൾ റദ്ദാക്കുകയും അരലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തുവെങ്കിലും ചൈനയിലും ഫിലിപ്പൈൻസിലുമായി 18 പേരാണ് ഇതിനോടകം യാഗി ചുഴലിക്കാറ്റിൽ മരണപ്പെട്ടിട്ടുള്ളത്.
പന്ത്രണ്ടിലേറെ മത്സ്യ ബന്ധന തൊഴിലാളികളേയാണ് യാഗി ചുഴലിക്കാറ്റിൽ കടലിൽ കാണാതായത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പരസ്യ ബോർഡുകൾ ശക്തമായ കാറ്റിൽ പറന്ന് നടന്നത് വലിയ രീതിയിലുള്ള അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഹൈനാൻ ദ്വീപിനെ സാരമായി ബാധിച്ച ശേഷമാണ് ചുഴലിക്കാറ്റ് വിയറ്റ്നാമിലെത്തിയിട്ടുള്ളത്. 12 ലേറെ പ്രവിശ്യകളിലെ സ്കൂളുകൾ അടച്ച നിലയിലാണുള്ളത്. ഗുരുതരമായ നാശം വിതച്ച് കൊണ്ട് വടക്കൻ മേഖലയായ ലാവോസിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ യാഗി ഇവിടെയെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്.
Post a Comment