മഹാരാഷ്ട്രയില്‍ മുസ്ലീംങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി എംഎല്‍എ നിതീഷ് റാണ. പൊലീസിന് ഒരു ദിവസം അവധി നല്‍കിയാല്‍ ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കുമെന്നാണ് ബിജെപി എംഎല്‍എയുടെ ഭീഷണി. കഴിഞ്ഞ ദിവസം സാംഗ്ലിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഭീഷണി.
ബിജെപി എംഎല്‍എ നിതീഷ് റാണയുടെ ഭീഷണി പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഇതോടകം വൈറലാണ്. കൊങ്കണിലെ കങ്കാവില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് നിതീഷ് റാണ. സെപ്റ്റംബറില്‍ തന്നെ രണ്ടിടങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം മുന്‍നിര്‍ത്തിയുള്ള വിദ്വേഷ പ്രചരണത്തില്‍ ഇയാള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് സാംഗ്ലിയിലെ വിദ്വേഷ പരാമര്‍ശം. പൊലീസിന് ഒരു ദിവസം അവധി നല്‍കൂ. ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കും. അടുത്ത തവണ ലവ് ജിഹാദ് കണ്ടെത്തിയാല്‍ ആളെ പിടികൂടി എല്ലുകള്‍ ഒടിക്കണം. അങ്ങനെ ചെയ്തിട്ട് എന്നെ വിളിക്കൂ. നിങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് തന്റെ ചുമതലയാണെന്നും ബിജെപി എംഎല്‍എ പറഞ്ഞു.
എന്നാല്‍ വിഷയത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിചിത്രമായ ഉത്തരമാണ് എംഎല്‍എ പറഞ്ഞത്. താന്‍ എംഎല്‍എ ആയിട്ടോ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയിട്ടോ അല്ല പരിപാടിക്ക് പോയത്. സംഭവത്തെ ഒരു ഹിന്ദു മറ്റ് ഹിന്ദുക്കളോട് സംസാരിക്കുന്നതായി കണ്ടാല്‍ മതിയെന്നായിരുന്നു ബിജെപി എംഎല്‍എയുടെ മറുപടി.
അതേസമയം ബിജെപി എംഎല്‍എ നിതീഷ് റാണയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ രംഗത്തെത്തിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നിതീഷ് റാണ വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് അജിത് പവാര്‍ പറഞ്ഞു.
നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി എംഎല്‍എയുടേത് വോട്ട് ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗമാണെന്നും അജിത് പവാര്‍ അഭിപ്രായപ്പെട്ടു. ബിജെപി എംഎല്‍എ വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചാല്‍ ഡല്‍ഹിയില്‍ അറിയിച്ച് നടപടിയെടുക്കുമെന്നും അജിത് പവാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment