തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എഡിജിപി എം ആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ നിലനിൽക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ രാഷ്ട്രീയ വിവാദങ്ങളിൽ തുടങ്ങി അനധികൃത സ്വത്ത് സമ്പാദന കേസിലടക്കം എത്തി നിൽക്കുകയാണ് ആരോപണങ്ങൾ. വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
Post a Comment