ഇത്രയും ദിവസം അര്‍ജുന്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും എന്നെങ്കിലും തിരിച്ചുവരുമെന്നും വിശ്വസിക്കാനായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിലുള്ളവര്‍ക്ക് ഇഷ്ടം. എന്നാല്‍ എല്ലാവരുടേയും സങ്കടക്കടലിന് നടുവിലേക്കാണ് അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം എത്തിയത്. വലിയ ജനസാഗരമായിരുന്നു അര്‍ജുനെ അവസാനമായി ഒരു നോക്ക് കാണാന്‍ കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തിയത്.
ഒരുപാട് സൗഹൃദങ്ങളുള്ള, ഗ്രാമത്തിനാകെ പരിചിതനായ, നാട്ടിലെ യുവജന ക്ലബ്ബുമായി ബന്ധപ്പെട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു കണ്ണാടിക്കല്‍ ഗ്രാമത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്ന അര്‍ജുന്‍. ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കാര്യങ്ങള്‍ക്കൊക്കെ അര്‍ജുനുണ്ടാകും. കൊവിഡ് സമയത്തും വെള്ളപ്പൊക്ക സമയത്തും സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അര്‍ജുനുണ്ടായിരുന്നു.
ഗ്രാമത്തില്‍ എല്ലാ വര്‍ഷവും രണ്ട് മാസത്തോളം കുടിവെള്ള പ്രശ്‌നം നേരിടുമ്പോള്‍ ലോറിയില്‍ വെള്ളമെത്തിക്കാന്‍ അര്‍ജുന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. ലോറിയില്‍ പോവാത്ത സമയത്തൊക്കെ നാട്ടിലെ പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്ന അര്‍ജുന്റെ 75 ദിവസത്തിന് ശേഷമുള്ള മടക്കത്തില്‍ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയത്.
പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പുലര്‍ച്ചെ തന്നെയെത്തിയ നാട്ടുകാര്‍ കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിലാണ് സംസ്‌ക്കാരം. സാധാരണക്കാരായ മനുഷ്യരും രാഷ്ട്രീയക്കാരുമടക്കം വന്‍ ജനാവലിയാണ് അര്‍ജുന്റെ അവസാന യാത്രയ്ക്ക് സാക്ഷികളാകാന്‍ എത്തിയിരിക്കുന്നത്. കണ്ണാടിക്കലെ വീട്ടില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്.
Post a Comment