മലയാള സിനിമ മേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ പൂർണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറുക. കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.
റിപ്പോര്‍ട്ടില്‍ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന പരാമര്‍ശത്തോടെയായിരുന്നു ഹൈക്കോടതി റിപ്പോര്‍ട്ട് വിളിച്ചുവരുത്തിയത്. റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാന തീയതി ഇന്നാണ്. കോടതിയുടെ ചേംബറില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. 129 ഖണ്ഡികകള്‍ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്.
സ്വകാര്യതയെ ബാധിക്കുന്ന റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. റിപ്പോർട്ടിന്റെ പുറത്തുവിടാത്ത ഭാഗങ്ങളും മൊഴിപ്പകർപ്പുകളും ആരോപണവിധേയരുടെ വിശദാംശങ്ങളുമുള്ള അനുബന്ധവും ഉൾപ്പെടെയാണ് ഇന്ന് ഹൈക്കോടതിയിൽ എത്തുന്നത്. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി വനിതാ കമ്മീഷനെയും സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ ഉണ്ടായ വലിയ വെളിപ്പെടുത്തലുകൾക്കും നിയമപരമായ നടപടികളാക്കും പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ച് ഹൈക്കോടതി രൂപീകരിച്ചിരുന്നു.
Post a Comment