ഇംഫാല്‍: ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതായി റിപ്പോര്‍ട്ട്. ജിരിബാം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക് എന്നിവിടങ്ങളില്‍ ഡ്രോണ്‍, ബോംബ് ആക്രമണങ്ങള്‍ ഉണ്ടായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. പലയിടത്തും വാഹനങ്ങളും വീടുകളും തകര്‍ത്തിട്ടുണ്ട്. അക്രമ ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയുടെ സാന്നിധ്യം ഉണ്ട്. ആക്രമണ ഭീഷണികള്‍ക്കിടയില്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരണം എന്നും സേന ആവശ്യപ്പെട്ടു.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) താഴ്വാരങ്ങളിലും മറ്റും പട്രോളിംഗ് നടത്തുന്നുണ്ട്. ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്നും വെടിവയ്പ്പില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ ഗ്രാമ പ്രതിരോധ സേന ബങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെടിവയ്പ്പ് നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ദീര്‍ഘദൂര ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്ന സ്‌പോട്ടര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഹൈടെക് വാക്കി-ടോക്കി സെറ്റുകള്‍, ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകള്‍, ബാരല്‍ തോക്കുകള്‍ എന്നിവയും ഗാര്‍ഡുകളുടെ ക്യാമ്പിലുണ്ട്. അതേസമയം വിവിധ സ്ഥലങ്ങളില്‍ നിന്ന് ആര്‍പിജികളും ഹൈ എന്‍ഡ് ആക്രമണ റൈഫിളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു. അതിനിടെ ഇംഫാലില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
വനിതകള്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ രാത്രി തീപ്പന്തവുമായി ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ സേന അവരെ പിരിച്ചുവിട്ടു. അതിനിടെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ സുരക്ഷാ ചുമതലയും അധികാരവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
നിലവില്‍ ക്രമസമാധാന-സുരക്ഷാ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയിരിക്കുകയാണ്. സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത്, മണിപ്പൂര്‍ പോലീസ് പ്രദേശത്ത് ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ തുടങ്ങിയ സംസ്ഥാനത്തെ കലാപം ഇതുവരെ 200 ലേറെ പേരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്.
അതേസമയം കലാപം തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കുക്കി - മെയ്‌തേയ് വിഭാഗക്കാര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് സമാനതകളില്ലാത്ത സംഘര്‍ഷത്തിലേക്ക് സംസ്ഥാനത്തെ നയിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനം സാവധാനം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് വീണ്ടും അക്രമം ഉടലെടുക്കുന്നത്.
Post a Comment