Join News @ Iritty Whats App Group

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പഠനത്തിന് തടസ്സമില്ല'; കെ വിദ്യയ്ക്ക് പിഎച്ച്ഡി തുടരാം

തൃശൂർ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും .

വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്റെ് പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടസപ്പെടുത്തി ല്ലെന്നും കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണ ചട്ടം പാലിക്കാതെയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. ഇതോടെയാണ് വിദ്യയ്ക്ക് ഗവേഷണം തുടരാനുളള വഴിയൊരുങ്ങുന്നത്. പഠനം തുടരാന്‍ അനുമതി ആവശ്യപ്പെട്ട് വിദ്യ കാലടി സര്‍വകലാശാലയ്ക്ക് അപേക്ഷയും നല്‍കി. അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗം ഈ അപേക്ഷയില്‍ അനുകൂല തീരുമാനമെടുത്തേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവായ കെ വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടക്കുന്ന ഘട്ടത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. അറസ്റ്റിനു പിന്നാലെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ കുറിച്ചും വിവാദമുയര്‍ന്നു. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയെന്നായിരുന്നു പ്രധാന ആരോപണം. ഇതോടെയാണ് സിന്‍ഡിക്കറ്റ് അംഗം കെ പ്രേംകുമാറിന്റെ നേതൃത്വത്തിലുളള സമിതിയെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ചത്. വിദ്യക്കെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അടുത്തിടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group