കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ഇതുവഴി ലഭിക്കും. നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലൂടെ ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണമായും ഒഴിവാക്കിയുമാകും ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകള്‍ക്കുണ്ടാവും. വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കില്‍ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികള്‍ക്കു ലഭിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിപണി വിലയില്‍ നിന്ന് 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയിലൂടെ എണ്ണായിരത്തില്‍പ്പരം ബ്രാന്‍ഡഡ് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. നിലവില്‍ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ ഏഴെണ്ണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാനാണ് കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാന്‍സര്‍ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അര്‍ഹമായ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനില്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കാന്‍സര്‍ രോഗത്തിന് മുമ്പില്‍ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Post a Comment