കൊച്ചി > വിശാഖപട്ടണം കപ്പൽശാലയിലെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ കേസിൽ കൊച്ചി കപ്പൽശാലയിലെ രണ്ടു മലയാളിജീവനക്കാർക്ക് വീണ്ടും നോട്ടീസ് നൽകി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ശനിയാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കൊച്ചി കപ്പൽശാല വെൽഡർ കം ഫിറ്ററും ബിഎംഎസ് പ്രവർത്തകനുമായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേക് ശോഭനനും ട്രെയിനിയായ എറണാകുളം കടമക്കുടി സ്വദേശിക്കും നോട്ടീസ് നൽകിയത്. എൻഐഎ ഹൈദരാബാദ് യൂണിറ്റിൽനിന്നെത്തിയ അന്വേഷകസംഘം ഇരുവരെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
കേസിൽ കേരളത്തിനുപുറമെ ഗുജറാത്ത്, കർണാടകം, തെലങ്കാന, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന സംസ്ഥാനങ്ങളിലെ 16 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തി. 22 ഫോണുകളും നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫോൺവിവരങ്ങളും രേഖകളും എൻഐഎ പരിശോധിക്കുകയാണ്.
വിശാഖപട്ടണം കേസിൽ അറസ്റ്റിലായ ആന്ധ്ര സ്വദേശി ദീപക്കിന് സിംകാർഡ് എടുക്കാൻ സഹായിച്ച അസംകാരനുമായുള്ള അടുപ്പമാണ് ഇവരെ കസ്റ്റഡിയിലെടുക്കാൻ കാരണം. അസം സ്വദേശിയുമായി ഇരുവർക്കും അടുത്തബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്.
ബുധൻ രാവിലെമുതൽ ഉച്ചവരെ കൊച്ചി കപ്പൽശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്സിലും എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരസംഘത്തിന് വിശാഖപട്ടണം കപ്പൽശാലയിലെ സുപ്രധാന വിവരങ്ങൾ കൈമാറിയെന്നാണ് കേസ്. 2021ൽ ആന്ധ്രയിലെ കൗണ്ടർ ഇന്റലിജൻസ് രജിസ്റ്റർ ചെയ്ത കേസ് ഏറ്റെടുത്ത എൻഐഎ ഹൈദരാബാദ് യൂണിറ്റ് നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
Post a Comment