Join News @ Iritty Whats App Group

വയനാട് ദുരന്തം: ഉരുള്‍പൊട്ടലിന് കാരണമായത് കനത്ത മഴ, പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലിന് കാരണമായത് അതിശക്തമായ മഴയെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ചെരിവുള്ളതും അവിടുത്തെ മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ അപകടമേഖയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുരന്തം ഉണ്ടായതിന് പിന്നാലെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രാഥമിക പഠനം നടത്തിയിരുന്നു.

അതേസമയം ഭൂപ്രദേശിന്റെ പ്രത്യേകതയ്ക്കും മണ്ണിന്റെ ഘടനയ്ക്കുമൊപ്പം വലിയ പാറക്കഷണങ്ങളും ചെളിയും ദ്രുതഗതിയില്‍ ഒഴുകിയെത്തിയതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമേഖയിലെ മലയോര മേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സമയത്ത് വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരുന്നത്. ജൂലൈ 30ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്.

അതിനിടെ, ഇന്ന് ഉച്ചയ്ക്ക് ശേഷം മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയുള്ളതിനാള്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ഉച്ചയോടെ തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മല ഇറങ്ങിയതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group