Join News @ Iritty Whats App Group

അര്‍ജുന്‍ ദൗത്യം: തിരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ


ബെംഗളുരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉടന്‍. ബംഗളൂരുവില്‍ നാളെ അവലോകന യോഗം ചേരും. ഗംഗാവലിയിലെ കുത്തൊഴുക്ക് കുറഞ്ഞാല്‍ ദൗത്യം ആരംഭിക്കാമെന്ന് ഉത്തര കന്നഡ കലക്ടര്‍ അറിയിച്ചു. തിരച്ചില്‍ വേഗത്തില്‍ പുനരാരംഭിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗംഗാവലിയിലേ കുത്തൊഴുക്ക് തടസമായതോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ജലനിരപ്പ് താഴ്ന്നതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത് ആലോചിക്കാന്‍ നാളെ യോഗം ചേരുന്നത്. നദിയിലെ കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമാകുമെന്നാണ് കരുതുന്നത്. ഡ്രെഡ്ജ്ജര്‍ ഉള്‍പ്പെടെ പ്രദേശത്ത് തിരച്ചിലിനുള്ള നീക്കം നേരത്തെ നടത്തിയെങ്കിലും സാധ്യമായിരുന്നില്ല. നദിയില്‍ രൂപപ്പെട്ട മണ്‍കൂന കേന്ദ്രീകരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ നാളെ നടക്കുന്ന അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

പുഴയിലെ ഒഴുക്ക് 2 നോട്ട് ആയി കുറഞ്ഞെങ്കില്‍ മാത്രമേ പുഴയില്‍ ഇറങ്ങി തിരയാന്‍ കഴിയുകയുള്ളു. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാല്‍ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തിരച്ചില്‍ നിര്‍ത്തിവെച്ചത്. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തിരച്ചില്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group