ആലുവ: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ്. അമിത പലിശ, ഫോൺ വിവരം ചോർത്തൽ, ജിഎസ്ടി തട്ടിപ്പ് തുടങ്ങിയവ താങ്ങാനാകാതെ കെണിയിൽ വീണവർ മാനസികമായി തകർന്ന നിരവധി സംഭവങ്ങൾ ആവർത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
കുറുപ്പംപടിയിൽ ഓൺലൈൻ ലോൺ കെണിയിൽ വീണ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി അറിയിച്ചു. സൈബർ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്തിന്റെ മേൽനോട്ടത്തിൽ കുറുപ്പംപടി എസ്എച്ച്ഒ വി .എം. കേഴ്സൻ ഉൾപ്പെടുന്ന 15 അംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പുസംഘം നേരിട്ടല്ല ഇത്തരം ലോണുകൾ നൽകുന്നത് എന്നതിനാൽ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വിദേശനിർമിത ആപ്പുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ +92, +94 എന്നിവയിൽ തുടങ്ങുന്ന മൊബൈൽ നമ്പറുകളാണ് വാട്സാപ് കോളുകൾക്കും മെസേജുകൾക്കുമായി ഉപയോഗിക്കുന്നത്. പ്രത്യേക സോഫ്റ്റ്വേർ ഉപയോഗിച്ചാണ് ഇത്തരം നമ്പറുകൾ നിർമിക്കുന്നതെന്നാണ് കരുതുന്നത്.
തട്ടിപ്പിന്റെ തലങ്ങൾ
ചെറിയ കാലയളവിലേക്ക് 5000 മുതൽ 10,000 രൂപ വരെയുള്ള ലോണുകൾക്കുവേണ്ടിയാണ് തട്ടിപ്പിനിരയായ ഭൂരിഭാഗം പേരും തട്ടിപ്പുസംഘത്തെ ബന്ധപ്പെടുന്നത്. വാട്സ് ആപ്പിലോ എസ്എംഎസിലോ അയച്ചുകിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. മൊബൈൽ ഫോണിലുള്ള മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ, ചിത്രങ്ങൾ, വീഡിയോകൾ, സന്ദേശങ്ങൾ തുടങ്ങിയവ തട്ടിപ്പ് സംഘം ലിങ്കിലൂടെ ശേഖരിക്കും. ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവയും കൈക്കലാക്കുന്നതോടെ ഒരു വ്യക്തിയുടെ പൂർണവിവരങ്ങൾ തട്ടിപ്പുകാർ സ്വന്തമാക്കും.
തിരിച്ചടവ് വൈകുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ലോൺ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണിസന്ദേശം മറ്റുള്ളവരുടെ ഫോണിലേക്ക് അയയ്ക്കുകയാണ് ആദ്യം ചെയ്യുക. അടുത്തപടിയായി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ, ലോൺ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജുകൾ തുടങ്ങിയവ അയയ്ക്കും.
ഇതുകൂടാതെ ലോൺ തിരിച്ചടയ്ക്കാൻ മറ്റൊരു ലോൺ എടുപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് കടമെടുക്കുന്നയാളെ കൂടുതൽ കടക്കെണിയിൽപ്പെടുത്തുകയാണു ചെയ്യുന്നത്. 5000 രൂപ ലോണെടുക്കുന്നവർക്ക് മുൻകൂർ പലിശ ഈടാക്കിയശേഷം 3500 രൂപയാണു ലഭിക്കുക. ഈ തുക തീർക്കാൻ 25,000 വും 50,000വും തിരിച്ചടച്ചിട്ടും കഴിയാത്തവർ നിരവധിയാണെന്ന് പോലീസ് പറയുന്നു.
ജിഎസ്ടി തട്ടിപ്പും
ഓൺലൈൻ ലോൺ എടുത്തവരുടെ പാൻ കാർഡ് ഉപയോഗിച്ച് കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തുന്നതായും പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി കിട്ടുന്ന പണം വീണ്ടും ലോൺ നൽകി നിരവധി പേരെ തട്ടിപ്പിനിരയാക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. സൈബർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ 1930 എന്ന നമ്പറിൽ പരാതി നൽകാമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Post a Comment