തിരുവനന്തപുരം: അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അസം ബാലിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഒരു സംഘം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. വിശാഖപട്ടണത്ത് കണ്ടെത്തിയ കുട്ടിയെ കൂട്ടികൊണ്ടുപോകാന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ എത്തിയപ്പോഴാണ് അവകാശവാദവുമായി ഒരു സംഘം രംഗത്ത് എത്തിയത്.
എന്നാല്‍, നേരത്തേ പോലീസ് പുറത്തിറക്കിയ വിവരങ്ങളും മാധ്യമവാര്‍ത്തകളും അറിഞ്ഞിരുന്ന പ്രതിനിധികള്‍ അത് അവഗണിച്ചുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടി ചെന്നൈയില്‍ എത്തിയിരുന്നതായി കഴിഞ്ഞദിവസം രാത്രി തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. അവിടെ താംബരത്തുനിന്നും പശ്ചിമബംഗാളിലേക്ക് പോകുന്ന ട്രെയിനിലാണ് കുട്ടി കയറിയത്.
ട്രെയിനിന്റെ മുന്‍നിരയില്‍ ഒരു പറ്റം പുരുഷന്മാരാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. കുട്ടിക്ക് വേണ്ടി അവകാശവാദവുമായി രംഗത്തുവന്ന ഇവരെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കള്ളിപൊളിഞ്ഞത്.
ട്രെയിനിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടി തീരെ അവശയുമായിരുന്നു. രണ്ടു ദിവസമായി ആഹാരം കഴിച്ചിരുന്നില്ല. കഴിഞ്ഞദിവസം ട്രെയിനില്‍ കയറിയതു മുതല്‍ വെള്ളംമാത്രമാണു കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. അമ്മ തല്ലിയതിനെത്തുടര്‍ന്ന് വീട്ടില്‍നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോവകയായിരുന്നെന്നും കുട്ടി മലയാളി അസോസിയേഷന്‍ പ്രതിനിധികളോട് പറഞ്ഞു. ആര്‍.പി.എഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗസ്ഥര്‍ വാങ്ങി നല്‍കി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളുമില്ല.
വിമാനമാര്‍ഗം കുട്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. വൈദ്യപരിശോധന നടത്തും. അതോടൊപ്പം കുട്ടിക്ക് കൗണ്‍സലിങ്ങും നല്‍കും. കുട്ടിയെ മാതാപിതാക്കള്‍ മര്‍ദിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം ഡി.സി.പി. ഭരത്‌റെഡ്ഡി വ്യക്തമാക്കി. ഇതിന് കുട്ടിയുടെ മൊഴിയെടുക്കും. അതിനുശേഷം മാത്രമേ മാതാപിതാക്കള്‍ക്ക് കുട്ടിയെ തിരിച്ചുനല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.
Post a Comment