വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് രേഖകൾ ലഭ്യമാകുന്ന ക്യാമ്പെയിന് തുടക്കമായി. ആദ്യ ദിനം ലഭ്യമാക്കിയത് 645 രേഖകളാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചൂരല്‍മലയിലെ പൂങ്കാട്ടില്‍ മുനീറക്ക് പുതിയ ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയാണ് സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
വിവിധ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് പകരം രേഖകള്‍ നല്‍കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒരുക്കിയ സര്‍ട്ടിഫിക്കറ്റ് ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 265 പേര്‍ക്കായാണ് 645 അവശ്യ സേവന രേഖകള്‍ വിതരണം ചെയ്തത്. അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് രേഖകള്‍ വീണ്ടെടുക്കാന്‍ അവസരം ഒരുക്കുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെയും ഐ.ടി മിഷന്റെയും നേതൃത്വത്തിലാണ് 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ക്യാമ്പയിന്‍ ആരംഭിച്ചത്.
മേപ്പാടി ഗവ ഹൈസ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, മേപ്പാടി മൗണ്ട് താബോര്‍ സ്‌കൂള്‍, കോട്ടനാട് ഗവ യു.പി സ്‌കൂള്‍, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, കല്‍പ്പറ്റ ഡി-പോള്‍ പബ്ലിക് സ്‌കൂള്‍, ഡബ്ല്യൂ.എം.ഒ കോളെജ് മുട്ടില്‍, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, അരപ്പറ്റ സി.എം.സ്‌കൂള്‍, റിപ്പണ്‍ ഗവ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളിലാണ് രേഖകള്‍ എടുത്തുനല്‍കിയത്.
റേഷന്‍ - ആധാര്‍ കാര്‍ഡുകള്‍, ബാങ്ക് പാസ് ബുക്ക്, വോട്ടര്‍ ഐ ഡി, പാന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ്, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇ- ഡിസ്ട്രിക്ട് സര്‍ട്ടിഫിക്കറ്റ്, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പെന്‍ഷന്‍ മസ്റ്ററിങ് തുടങ്ങി 15 ഓളം പ്രാഥമിക രേഖകളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ക്യാമ്പുകള്‍ക്കു പുറത്ത് ബന്ധുവീടുകളിലും മറ്റും താമസിക്കുന്നവരും ക്യാമ്പുകളില്‍ എത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.
ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് തുടങ്ങി മറ്റ് രേഖകള്‍ ലഭ്യമാക്കും. സംസ്ഥാന ഐ.ടി മിഷനോടൊപ്പം ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി, അക്ഷയ, വിവിധ വകുപ്പുകള്‍ എന്നിവ സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പുകളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിലോക്കര്‍ സംവിധാനവും ഒരുക്കുമെന്ന് ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്. നിവേദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നലെ ക്യാമ്പുകളിൽ അദാലത്ത് ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയാണ് ഇനി അദാലത്ത് ഉണ്ടാകുകയെന്ന് കളക്ടർ പറഞ്ഞു.
Post a Comment