Join News @ Iritty Whats App Group

‘കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഒരാണ്ട്’; സംസ്ഥാനമെങ്ങും അനുസ്മരണ പരിപാടികൾ

പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. കേരളക്കരയെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാട്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി 2023 ജൂലൈ 18നാണ് മരണമടഞ്ഞത്. ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഉമ്മൻചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയവും ഒരുവർഷം പിന്നിടുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഉമ്മൻചാണ്ടി ഇപ്പോഴും നികത്താൻ ആകാത്ത വിടവായി നിലകൊള്ളുകയാണ്.

ഉമ്മൻ ചാണ്ടി ഓർമയായി ഒരു വർഷം എത്തുമ്പോഴും ഉമ്മൻചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് തീരാത്ത ജന പ്രവാഹമാണ്. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഇടയ്ക്കൊന്ന് കടന്നെങ്കിലും നിത്യശാന്തതയുടെ ഇടമായി ഈ കല്ലറ മാറി. എല്ലാ ഞായറാഴ്‌ചയും സഹായം തേടി എത്തിയിരുന്നവർ ഇപ്പോഴും വരുന്നുണ്ട്. പലരും കല്ലറയിൽ ഒരു നിവേദനം വെച്ച ശേഷമാണ് എംഎൽഎയും ഉമ്മൻചാണ്ടിയിടെ മകനുമായ ചാണ്ടി ഉമ്മനെ കാണുന്നത്. കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞ ശൂന്യതയായിരുന്നുവെന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കുവയ്ക്കുന്നത്.

കാരോട്ട് വള്ളക്കാലില്‍ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മന്‍ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ഉമ്മന്‍ ചാണ്ടി 1970കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോണ്‍ഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി തുടര്‍ച്ചയായി 12 തവണ പുതുപ്പള്ളിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയില്‍ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വര്‍ഷം ഉമ്മന്‍ ചാണ്ടി പൂര്‍ത്തീകരിച്ചത്. 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു. 1978ല്‍ എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളില്‍ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചു. രണ്ട് തവണയായി ഏഴു വര്‍ഷം കേരള മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കണ്‍വീനര്‍ എന്നീ ചുമതല ഉമ്മന്‍ ചാണ്ടി വഹിച്ചു.
പുതുപ്പള്ളിക്കാര്‍ക്ക് കുഞ്ഞൂഞ്ഞായിരുന്നു ഉമ്മന്‍ ചാണ്ടി. അഞ്ച് പതിറ്റാണ്ടുകാലം കുഞ്ഞൂഞ്ഞിനെ മാത്രം തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ച് പുതുപ്പള്ളിക്കാര്‍ അവരുടെ വാല്‍സല്യം കാണിച്ചു. തിരുവനന്തപുരത്ത് ജഗതിയിലുള്ള തന്റെ വീടിന്റെ പേര് ‘പുതുപ്പള്ളി ഹൗസ്’ എന്നിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി തന്റെ മണ്ണിനെ അകലത്തിരുന്നും സ്‌നേഹിച്ചു. ലോകത്ത് എവിടെയാണെങ്കിലും ഞായറാഴ്ച ദിവസം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെത്തിയാല്‍ ആദ്യം പള്ളിയില്‍ പോയി പ്രാര്‍ത്ഥന. പിന്നെ പതിവു പോലെ മണ്ഡലത്തിലെ എല്ലാവരേയും കഴിയുന്നത്ര കാണാനുള്ള തിരക്ക്. പിന്നെ തിരുവനന്തപുരത്തേക്കോ കാസര്‍കോട്ടേക്കോ ചിലപ്പോള്‍ ദില്ലിയിലേക്കോ ഉള്ള പോക്ക്. സാവധാനത്തില്‍ നടക്കുന്ന ശീലം പോലും ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നില്ല.

Post a Comment

أحدث أقدم
Join Our Whats App Group