Join News @ Iritty Whats App Group

“മോദി 3.0 “; ഫലം വരാൻ കാത്തു നിൽക്കുന്നില്ല, ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി


എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ ഉദ്യോഗസ്ഥതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാട്രിക് സര്‍ക്കാര്‍ മോദി 3.0 സംഭവിക്കുമെന്ന കണക്കുകൂട്ടലില്‍ ആദ്യ നൂറ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവധി ദിവസമായിട്ട് പോലും ഞായറാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂൺ 16-ാം തീയതിയാണ് ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്.

തിരഞ്ഞെടുപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങള്‍ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവര്‍ക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ യോഗം.


മോദിയുടെ നിര്‍ദേശ പ്രകാരം മോദി 3.0 സര്‍ക്കാരിലേക്കുള്ള നിര്‍ണായ തീരുമാനങ്ങള്‍ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും. പുതിയ മോദി സര്‍ക്കാരിന്റെ ഭാഗമായി നിര്‍ണായക ഉദ്യോഗസ്ഥരുടെ നിയമനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ധാരണയുണ്ടാവും. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ഫലം ചൊവ്വാഴ്ചയാണ് വരുന്നതെങ്കിലും അതിനായി കാത്ത് നില്‍ക്കേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റേയും നിര്‍ദേശം.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും ഡോ പികെ മിശ്ര, ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍ എന്നിവര്‍ വീണ്ടും പുതിയ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ഥാനത്തുണ്ടാവുമെന്നാണ് കണക്കുകൂട്ടന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് രണ്ട് ഉദ്യോഗസ്ഥരും ഒഴിവാക്കിക്കൂടാനാവാത്ത നിയമനങ്ങളായിട്ടാണ് കണക്കുകൂട്ടപ്പെടുന്നത്. ഇതിന് പുറമെ പുതിയ സൈനിക തലവന്‍, ഇന്റലിജന്‍സ് ഡയറക്ടര്‍ എന്നിവരുടെ നിയമനങ്ങളും ആദ്യ ഘട്ടത്തിലുണ്ടാവും.

Post a Comment

Previous Post Next Post
Join Our Whats App Group