Join News @ Iritty Whats App Group

അതിഥി തൊഴിലാളിയുടെ മരണത്തില്‍ ജില്ലാ ആശുപത്രിയോട്‌ വിശദീകരണം തേടി; മരണം ചികിത്സാ നിഷേധത്തെ തുടര്‍ന്നെന്ന് ആരോപണം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല





കണ്ണൂർ: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി.

ആശുപത്രിയില്‍നിന്ന് ചികിത്സ നല്‍കാതെ പറഞ്ഞുവിട്ടതാണെന്നാണ് ആരോപണം.

അവശനിലയില്‍ കണ്ടെത്തിയതിനെത്തുടർന്ന് ഇയാളെ അഗ്നിരക്ഷാസേനാംഗങ്ങളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് തൊട്ടടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിമാചല്‍പ്രദേശ് സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.

ഇന്നലെ രാവിലെ പഴയ ബസ്‌ സ്റ്റാൻഡ് പരിസരത്താണ് കാലിന് പഴുപ്പ് ബാധിച്ച നിലയിലാണ് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ കണ്ടെത്തിയത്. സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷനിലുള്ളവർ യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ച്‌ വിദഗ്ധ ചികിത്സയ്‌ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തിരുന്നു. 108 ആംബുലൻസില്‍ വിളിച്ചെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോഗിയെ ആംബുലന്‍സില്‍ കയറ്റിയില്ല.

ജില്ല ആശുപത്രിയിലേക്ക് തിരികെ പോയെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തത് ചൂണ്ടിക്കാട്ടി ഇയാളെ തടഞ്ഞു. പിന്നീട് വൈകുന്നേരം യുവാവിനെ ആശുപത്രി ബസ് സ്റ്റാൻഡിനു സമീപം മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group