Join News @ Iritty Whats App Group

സംവിധായകനും ഛായാഗ്രഹകനുമായി സംഗീത് ശിവൻ അന്തരിച്ചു


തിരുവനന്തപുരം: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. കേരള സർവകലാശാലയിലെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. പിന്നീട് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി. പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി

നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു. സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group