Join News @ Iritty Whats App Group

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി


ധനപ്രതിസന്ധിക്കിടെ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങള്‍ നല്‍കാന്‍ 9000 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിത് കേരളം കത്ത് അയച്ചത്. നേരത്തെ അനുവദിച്ച മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു.

പതിനാറായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രം 9000 കോടിയോളം വേണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനായാണ് അടിയന്തര കടമെടുപ്പിന് കേരളം കേന്ദ്രത്തിന് കത്തയച്ചത്.

മെയ് ആദ്യം വായ്പാനുമതി നല്‍കുകയാണ് പതിവ്. ഈ വര്‍ഷം സംസ്ഥാനത്തിന് 37,512 കോടി രൂപ വായ്പയെടുക്കാന്‍ അനുമതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യ ഒമ്പത് മാസം എടുക്കാവുന്ന കടം എത്രയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്ന ധനവകുപ്പ് പറയുന്നു. ഇത് ലഭിക്കാതെ സംസ്ഥാനത്തിന് കടമെടുക്കാനുമാകില്ല. നേരത്തെ 5000 കോടി കടമെടുപ്പിന് അനുമതി തേടിയപ്പോള്‍ 3000 കോടിക്കുള്ള അനുവാദമേ നല്‍കിയുള്ളൂ.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതല്‍ വിരമിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. വിരമിക്കല്‍ ആനുകൂല്യത്തിന് 7,500 കോടി രൂപ ആവശ്യമാണ്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനം പണം കണ്ടെത്തേണ്ടതുണ്ട്. അന്തിമാനുമതി ഇതുവരെ നല്‍കാന്‍ കേന്ദ്രം തയ്യാറാകാത്തത് സംസ്ഥാന സര്‍ക്കാരിനെ ഈ ഘട്ടത്തില്‍ സാമ്പത്തികമായി ഞെരുക്കാനാണെന്നും ധനവകുപ്പ് പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group