Join News @ Iritty Whats App Group

'മോദി 270 പിന്നിട്ടു, രാഹുലിന് 40 കിട്ടില്ല'; ബിജെപി അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അമിത് ഷാ


ഭുവനേശ്വർ: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ബി ജെ പി സർക്കാർ വീണ്ടും അധികാരമുറപ്പിച്ചെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. തിരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടങ്ങളിൽ തന്നെ മോദി 270 സീറ്റ് നേടിക്കഴിഞ്ഞെന്ന ആത്മവിശ്വാസമാണ് ഷാ പ്രകടിപ്പിച്ചത്. 270 സീറ്റുകൾ കടന്ന ബി ജെ പി 400 ലേക്കുള്ള കുതിപ്പിലാണെന്നും ഷാ അവകാശപ്പെട്ടു. 4 ഘട്ടങ്ങളിലായി മോദിയുടെ സീറ്റ് 270 കടന്നപ്പോൾ രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. ലാലുപ്രസാദ് യാദവിന് 4 സീറ്റ് പോലും കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഒഡീഷയിലെ റൂർക്കേലയിൽ നടന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

അമിത് ഷാ പറഞ്ഞത്

ആദ്യ നാല് ഘട്ട തിരഞ്ഞെടുപ്പുകളിൽ തന്നെ ഭാരതീയ ജനതാ പാർട്ടി 270 ലോക്‌സഭാ സീറ്റുകൾ നേടിക്കഴിഞ്ഞു. 380 ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതിനകം നടന്നു. ബംഗാളിൽ 18 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. 380 ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിയെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. മുന്നിലുള്ള പോരാട്ടം 400 കടക്കുക എന്നതാണ്, ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡീഷയും ഇക്കുറി ബി ജെ പി സ്വന്തമാക്കും. ഇരട്ട മാറ്റത്തിന് തയ്യാറെടുത്തുകഴിഞ്ഞ ഒഡീഷ ഇക്കുറി കാവിക്കൊടിയേന്തും. സംസ്ഥാനത്ത് ബി ജെ പി 15 ലോക്‌സഭാ സീറ്റുകളും 75 നിയമസഭാ സീറ്റുകളും നേടുമെന്നും ഷാ പ്രവചിച്ചു. അങ്ങനെ ഒഡീഷയിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ രൂപീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group