Join News @ Iritty Whats App Group

യാത്രകൾ യൂണിഫോമിൽ, ചടങ്ങുകളിലും യൂണിഫോം മാറ്റില്ല;റെയിൽ വേ പൊലീസ് വേഷത്തിൽ ആളുകളെ കബളിപ്പിച്ച 25കാരി പിടിയിൽ



ഹൈദരബാദ്: റെയിൽ വേ പൊലീസ് വേഷത്തിൽ ആളുകളെ കബളിപ്പിച്ച 25കാരി പിടിയിൽ. തെലങ്കാനയിലെ നാൽഗോണ്ടയിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി റെയിൽ വേ പൊലീസ് എസ് ഐ വേഷത്തിലായിരുന്നു 25കാരി ജഡല മാളവിക നടന്നിരുന്നത്. എല്ലായിടങ്ങളിലും യൂണിഫോമിൽ പോയിരുന്ന മാളവിക വനിതാ ദിനത്തിൽ ഒരു പരിപാടിയിലേക്ക് യൂണിഫോമിലെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. നർകെട്ട്പള്ളിയിൽ നിന്നാണ് മാളവികയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി നടന്ന തട്ടിപ്പിനേക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

2018ൽ റെയിൽവേ പൊലീസ് പരീക്ഷ ബിരുദധാരിയായ യുവതി പാസായിരുന്നു. എന്നാൽ മെഡിക്കൽ ടെസ്റ്റിൽ യുവതി പരാജയപ്പെട്ടിരുന്നു. കാഴ്ചാ പരിമിതി മൂലമാണ് യുവതി മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടത്. എന്നാൽ വീട്ടുകാരോടും ബന്ധുക്കളോടും യുവതി ഇക്കാര്യം മറച്ചുവച്ചു. പിന്നാലെ റെയിൽവേ പൊലീസ് വേഷം ധരിച്ച് യാത്രകളും തുടങ്ങി. ജോലി ലഭിക്കാതിരുന്നത് മാതാപിതാക്കളെ വേവലാതിയിലാക്കുമെന്ന തോന്നലിലായിരുന്നു പിന്നീടുള്ള യുവതിയുടെ സാഹസങ്ങൾ. ദിവസവും റെയിൽ വേ പൊലീസ് വേഷമണിഞ്ഞ് നൽഗോണ്ടയിൽ നിന്ന് സെക്കന്ദരബാദിലേക്ക് ഇവർ ട്രെയിനിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിനിടെ വീട്ടുകാർ നടത്തിയ വിവാഹാലോചനകളിലും മാളവിക ജോലി റെയിൽവേ പൊലീസിലാണെന്ന് വിശദമാക്കിയിരുന്നു. 

ആളുകളെ വിശ്വസിപ്പിക്കാൻ റെയിൽവേയുടെ തിരിച്ചറിയൽ രേഖകളും യുവതി തയ്യാറാക്കി. സെക്കന്ദരബാദിൽ നിയമനം ലഭിച്ചതായാണ് യുവതി ബന്ധുക്കളോടും കുടുംബത്തേയും അറിയിച്ചിരുന്നത്. ഗ്രാമത്തിലും യുവതി റെയിൽ വേ പൊലീസ് വേഷത്തിൽ പ്രശസ്തി നേടിയിരുന്നു. ഇതിനിടെ നൽഗോണ്ടയിലെ വനിതാ ദിനാഘോഷങ്ങളിൽ പ്രധാന അതിഥികളിലൊരാളായിരുന്നു മാളവിക. ഇതിന് പിന്നാലെ റെയിൽ വേ പൊലീസ് ബന്ധം വച്ച് സിനിമാ താരങ്ങളുമായും മാളവിക ബന്ധം സ്ഥാപിച്ചിരുന്നു. പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും യൂണിഫോമിൽ യുവതി എത്തിയത് ആളുകളിൽ സംശയം ജനിപ്പിച്ചിരുന്നു. ഇതിന് പുറമേ നിത്യേനയുള്ള ട്രെയിൻ യാത്രയേക്കുറിച്ച് അജ്ഞാതർ റെയിൽവേ പൊലീസിൽ പരാതിപ്പെട്ടത്. പിന്നാലെ റെയിൽ വേ പൊലീസ് നടത്തിയ പരിശോധനയിൽ യുവതി കുടുങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group