Join News @ Iritty Whats App Group

മോചനത്തിന് പണം, അല്ലെങ്കിൽ വൃക്ക വിൽക്കും; അമേരിക്കയിൽ നിന്നും കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് കോൾ




ഹൈദരാബാദ്: അമേരിക്കയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയ്ക്കായി മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺ കോൾ. മാർച്ച് 7 മുതൽ കാണാതായ ഹൈദരാബാദ് സ്വദേശിയായ 25 കാരനെ രക്ഷിക്കണമെങ്കിൽ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അജ്ഞാതരുടെ ഫോൺ വിളിയെത്തിയതെന്ന് കുടുംബം പറയുന്നു. ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ (ഐടി) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അബ്ദുൽ മുഹമ്മദിനെയാണ് കാണാതായത്. 

മാർച്ച് ഏഴിനാണ് വിദ്യാർത്ഥിയെ കാണാതായത്. പിന്നീട് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് ഒരു സംഘത്തിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഫോൺ കോൾ ലഭിച്ചതെന്ന് അബ്ദുൽ മുഹമ്മദിൻ്റെ പിതാവ് മുഹമ്മദ് സലീം അറിയിച്ചു. മകൻ അബ്ദുൽ മുഹമ്മദിനെ തട്ടിക്കൊണ്ടുപോയെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. സുരക്ഷിതമായി തിരിച്ചെത്തുന്നതിന് 1,200 ഡോളർ മോചനദ്രവ്യം നൽകണം. മോചനദ്രവ്യം നൽകിയില്ലെങ്കിൽ അബ്ദുലിൻ്റെ വൃക്ക വിൽക്കുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തി‌യതായി പിതാവ് പറയുന്നു. 

അബ്ദുലിനെ കാണാതായ സംഭവത്തിൽ യുഎസിലുള്ള ബന്ധുക്കൾ മാർച്ച് എട്ടിന് ക്ലീവ്‌ലാൻഡ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാർത്ഥിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മകനെ കണ്ടെത്തുന്നതിനുള്ള സഹായം തേടി കുടുംബവും മാർച്ച് 18 ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റിലും എത്തിയിരുന്നു. അതേസമയം, വിദ്യാർത്ഥിയുടെ തിരോധാനം ‌പൊലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് കുടുംബത്തിന് ഫോൺ വിളിയെത്തുന്നതും. താൻ അവസാനമായി തൻ്റെ മകനുമായി സംസാരിച്ചത് മാർച്ച് 7 നാണ്. അതിനുശേഷം അവനുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ഉണ്ടായിട്ടില്ലെന്ന് അബ്ദുലിന്റെ മാതാവ് പ്രതികരിച്ചു. വിഷയത്തിൽ ഇടപെടണമെന്നും മകൻ്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്നും അവർ ‍ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group