Join News @ Iritty Whats App Group

നിതീഷും മമതയും അഖിലേഷ് യാദവുമെല്ലാം രംഗത്ത് ; ആരെ മുന്നില്‍ നിര്‍ത്തണമെന്ന് ഇന്ത്യാ സഖ്യത്തിലും തര്‍ക്കം


ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനത്ത് നാലിടത്തും കോണ്‍ഗ്രസ് വീണു പോയതിന് പിന്നാലെ അവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യാ സഖ്യത്തിലും തര്‍ക്കം. ആരെ മുന്നില്‍ നിര്‍ത്തണം എന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടയില്‍ അവകാശവാദവുമായി ജെഡിയു വും തൃണമൂല്‍ കോണ്‍ഗ്രസും എല്ലാം രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരാനിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് ഇന്ത്യാ സഖ്യത്തിന് ഗുണകരമാകില്ലെന്നാണ് മിക്ക പാര്‍ട്ടികളുടെയും വിലയിരുത്തല്‍. നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യമാണ് തൃണമൂല്‍ പറയുന്നത്.

ഉത്തര്‍പ്രദേശിന്റെ സമാജ്‌വാദി പാര്‍ട്ടിക്കും താല്‍പ്പര്യമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം ഇന്ത്യ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് പറഞ്ഞത്. ബി ജെ പിയെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നതെന്നും ജനം മാറ്റത്തിനു വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും എസ് പി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഇന്ത്യാ സഖ്യത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ചേരുന്ന ഇന്ത്യ സഖ്യത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്തമല്ല. മുമ്പ് നടത്തിയ യോഗത്തില്‍ 12 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സഖ്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പ്രധാന നേതാക്കള്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെ ഇന്ന് കോണ്‍ഗ്രസ് വിളിച്ച വിശാല യോഗം മാറ്റി വെച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group