ഇരിട്ടി: കര്‍ഷകര്‍ സമരത്തിലേക്ക് പോകുന്നു എന്നതിനേക്കാള്‍ ഉപരി കര്‍ഷകന്‍റെ ഗതികേട് സര്‍ക്കാരിനെ അറിയിക്കുന്നതിനാണ് അതിജീവന യാത്രയെന്ന് മാര്‍ ജോസഫ് പാംപ്ലാനി.
കര്‍ഷക അതിജീവന യാത്രയെക്കുറിച്ച് കീഴ്പ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ബിഷപ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മലയോര മേഖലയില്‍ മൂന്ന് പേരാണ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് പോലുള്ള സര്‍ക്കാര്‍ ബാങ്കുകളാണ് ജപ്തി നോട്ടീസ് നല്കി ഭീഷണിപ്പെടുത്തി മരണത്തിലേക്ക് ബോധപൂര്‍വം തള്ളിവിടുന്നത്. കര്‍ഷകന്‍റെ ഉത്പന്നങ്ങള്‍ക്ക് വില കിട്ടാത്ത വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടണം.
എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു എന്ന് പറയുന്ന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറയുന്ന കാര്യം എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലായെന്ന് ആര്‍ച്ച് ബിഷപ് ചോദിച്ചു. റബറിന് 250 രൂപ വില നല്കുമെന്ന് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം നല്കിയിരുന്നു.
നവകേരള സദസില്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയാല്‍ തന്നെ കര്‍ഷകരുടെ പ്രതിസന്ധികള്‍ ഒഴിഞ്ഞുപോകും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാൻ സ്വന്തം ചെലവില്‍ സോളാര്‍ വേലികള്‍ നിര്‍മിക്കേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നത്. കര്‍ഷകന്‍റെ രക്ഷക്ക് ഇന്ന് ആരുമില്ല എന്ന തിരിച്ചറിവാണ് കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള കര്‍ഷക അതിജീവന യാത്രയെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
എകെസിസി ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ലേ അപ്പോസ്തലേറ്റ് ഫൊറോനാ ഡയറക്ടര്‍ ഫാ. വിന്‍റോ ചാക്യാരത്ത്, എകെസിസി എടൂര്‍ ഫൊറോന പ്രസിഡന്‍റ് ബെന്നിച്ചൻ മഠത്തിനകം എന്നിവരും ആര്‍ച്ചിബിഷപ്പിനൊപ്പമുണ്ടായിരുന്നു.
إرسال تعليق