ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗണ്‍മാന്‍ തന്റെ സുരക്ഷയാണ് ഒരുക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചത് കണ്ടിട്ടില്ല. വാഹനത്തിന് നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായി. വാഹനത്തിന് നേരെ ചാടി വീണവരെ തള്ളിമാറ്റുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോമിലുള്ള പൊലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താന്‍ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് കൂടെയുള്ള അംഗരക്ഷകര്‍. നാടിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചാടി വീഴുന്ന സമരം നടത്താമോ എന്ന് ചോദിച്ച മുഖ്യമന്ത്രി നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങള്‍ കാണുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകനെ തള്ളിമാറ്റിയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ക്യാമറ തള്ളിക്കൊണ്ട് തന്റെയടുത്തേക്ക് വന്നയാളെ ഗണ്‍മാന്‍ പിന്നിലേക്ക് തള്ളിമാറ്റുന്നത് സ്വാഭാവികമാണെന്ന് പിണറായി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പ്രത്യേകതരം മനോഭാവമാണ്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കുനേരെ മാധ്യമങ്ങള്‍ കണ്ണടയ്ക്കുന്നുവെന്നും ഈ സമീപനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
إرسال تعليق