Join News @ Iritty Whats App Group

കൊട്ടിയൂര്‍ - അമ്ബായത്തോട് -തലപ്പുഴ -44-ാം മൈല്‍ ചുരം രഹിത പാത ആവശ്യം വീണ്ടും


കൊട്ടിയൂര്‍: അമ്ബായത്തോട് തലപ്പുഴ 44-ാം മൈല്‍ ചുരം രഹിത പാതയ്ക്ക് ജീവൻ വയ്ക്കുന്നു. റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള ആലോചനായോഗം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.

അപകട പാതയായ പാല്‍ചുരം -ബോയ്സ് ടൗണ്‍ റോഡിനേക്കാള്‍ പഴക്കമുണ്ട് ചുരം രഹിത പാത എന്ന നാട്ടുകാരുടെ ആവശ്യത്തിന്. നിലവിലെ അമ്ബായത്തോട് -ബോയ്സ് ടൗണ്‍ പാതക്ക് പകരം തലപ്പുഴ 44-ാം മൈല്‍ താഴെ പാല്‍ച്ചുരം -അമ്ബായത്തോട് ബദല്‍ പാത വേണമെന്ന ആവശ്യമായിരുന്നു ഉയര്‍ന്നത്.

ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിമാര്‍ക്കും വകുപ്പ് മന്ത്രിമാര്‍ക്കും കാലങ്ങളായി നിവേദനം നല്‍കിയെങ്കിലും ഫലം സാദ്ധ്യതാപഠനങ്ങളില്‍ മാത്രമായി ഒതുങ്ങി. അമ്ബായത്തോട് നിന്ന് താഴേ പാല്‍ച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44-ാം മൈലില്‍ പ്രധാന പാതയില്‍ എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബദല്‍ റോഡ്. ചുരമില്ല എന്നതാണ് ഈ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍, വനത്തിന്റെ സാന്നിദ്ധ്യമാണ് പദ്ധതിക്ക് തടസ്സം. അടുത്ത കാലത്ത് വനനിയമങ്ങളില്‍ ചില ഇളവുകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ചുരം രഹിതപാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും നാട്ടുകാരും.

ആലോചനാ യോഗം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്ബൂടാകം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്ബൻ തുരുത്തിയില്‍, ജില്ല പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എൻ.സുനീന്ദ്രൻ, ഇന്ദിര ശ്രീധരൻ, പഞ്ചായത്തംഗം ഷാജി പൊട്ടയില്‍, പി. തങ്കപ്പൻ, ബാബു കാരുവേലില്‍, പി.സി. രാമകൃഷ്ണൻ, ജോയി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

കൂപ്പ് റോഡില്‍ ഒരു പിടി

കൂപ്പ് റോഡ് എന്ന പേരില്‍ ഒരുവഴി നേരത്തെ ഇവിടെ ഉണ്ടായിരുന്നു. കൊട്ടിയൂര്‍ പഞ്ചായത്ത് ലീസിനെടുത്തതായിരുന്നെങ്കിലും പിന്നീടത് മുടങ്ങി. ഇത്തരം രേഖകളുടെയെല്ലാം പിൻബലത്തില്‍ ചുരം രഹിത പാതയ്ക്കായി ശ്രമിക്കാനാണ് തീരുമാനം.

ചുരം രഹിത പാത കമ്മറ്റി

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്ബുടകം (ചെയര്‍മാൻ), ജോയി ജോസഫ്, കെ.എൻ സുനീന്ദ്രൻ (വൈസ് ചെയര്‍മാൻ), വൈസ് പ്രസിഡന്റ് ഫിലോമിന തുമ്ബൻതുരുത്തിയില്‍ (കണ്‍വീനര്‍), ഷാജി പൊട്ടയില്‍ (ജോ. കണ്‍വീനര്‍), പി.തങ്കപ്പൻ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ ചുരം രഹിത പാത കമ്മറ്റി രൂപീകരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group