Join News @ Iritty Whats App Group

യൂട്യൂബ് വരുമാനം നിലച്ചതോടെ അനുപമയും കുറ്റകൃത്യത്തിലേക്ക്; തട്ടിക്കൊണ്ടുപോകലിന്റെ ബുദ്ധി കേന്ദ്രം അനിത; 3 പ്രതികളും 14 ദിവസം റിമാന്റില്‍


കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി. തട്ടിക്കൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച പൊലീസ് പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും.

ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം ലക്ഷ്യമിട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു എന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുട്ടിയുടെ സഹോദരനെയും ആക്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം കുറ്റകൃത്യത്തിന്റെ ബുദ്ധി കേന്ദ്രം പത്മകുമാറിന്റെ ഭാര്യ അനിതയുടേതാണെന്ന് പൊലീസ്. ഒരു വര്‍ഷത്തോളം പ്രതികള്‍ ഇതിനായി തയ്യാറെടുപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നായിരുന്നു പ്രതികള്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.

കേസില്‍ നിലവില്‍ പത്മകുമാറും ഭാര്യ കവിതയും മകള്‍ അനുപമയുമാണ് പ്രതികള്‍. യൂട്യൂബ് താരമായ അനുപമ പത്മന് അഞ്ച് ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. യൂട്യൂബില്‍ നിന്ന് 3.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ അനുപമ വരുമാനം നേടിയിരുന്നു. മാതാപിതാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയെ ആദ്യം അനുപമ എതിര്‍ത്തിരുന്നു.

എന്നാല്‍ യൂട്യൂബ് വരുമാനം നിലച്ചതോടെ അനുപമ തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയ്ക്ക് മാതാപിതാക്കളെ പിന്തുണയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതിലൂടെ പണമുണ്ടാക്കാമെന്ന ആലോചനയിലേക്ക് പത്മകുമാറും ഭാര്യ അനിതയും എത്തുന്നത്. യൂട്യൂബ് വരുമാനം നിലച്ച ശേഷം കടുത്ത നിരാശയിലായിരുന്ന അനുപമ തട്ടിക്കൊണ്ടുപോകലിന് സഹായം മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

പ്രതികള്‍ക്ക് അഞ്ച് കോടി രൂപയുടെ ബാധ്യതയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വഴിയും വായ്പയെടുത്തിരുന്നു. ബാധ്യതകള്‍ തീര്‍ക്കാനാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യ അനിതയാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group