ദില്ലി: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലി വിദ്യാർഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോ വൈറൽ. മുസ്ലിം വിദ്യാർഥിയെ സഹപാഠികളോട് തല്ലാൻ പറയുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപിക വെട്ടിലായത്. അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്രചരിക്കുന്ന വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. മുസഫർനഗറിലെ സ്കൂളിലാണ് സംഭവം.
ഗണിത ക്ലാസിലായിരുന്നു സംഭവം. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മർദ്ദിക്കാൻ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ചില കുട്ടികൾ എത്തി കുട്ടിയുടെ മുഖത്തടിച്ചു. അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചുെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ സംഘടന അറിയിച്ചു.
Post a Comment