Join News @ Iritty Whats App Group

പഴശി ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു


ഇരിട്ടി: പഴശി റിസര്‍വോയറിലെ ജലനിരപ്പ് മാസങ്ങള്‍ക്ക് മുന്പേ ക്രമീകരിച്ച്‌ ജലസേചന വകുപ്പ്. കാലാവസ്ഥയിലെ വ്യതിയാനവും പഴശി പദ്ധതിയുടെ 46. 5 കിലോമീറ്റര്‍ വരുന്ന മെയിൻ കനാലിലും 23 കിലോമീറ്റര്‍ വരുന്ന ഉപകനാലിലും ടെസ്റ്റ് റണ്‍ നടത്തുന്നതിനും വേണ്ടിയാണ് ഈവര്‍ഷം നേരത്തെ പഴശി ഡൈവേര്‍ട്ടര്‍ ബാരിയേജിന്‍റെ ജലനിരപ്പ് ഫുള്‍ റിസര്‍വോയര്‍ ലെവലിലേക്ക് ഉയര്‍ത്തുന്നത് .

എഫ്‌ആര്‍എല്‍ ലെവല്‍

പഴശി ഡൈവേര്‍ട്ടര്‍ ബാരിയേജിന്‍റെ ഫുള്‍ റിസര്‍വോയര്‍ ലെവലായ (എഫ്‌ആര്‍എല്‍) 26.52 മീറ്ററിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇന്നലെ രാവിലെ എട്ടിന് ലഭ്യമായ കണക്കനുസരിച്ച്‌ 25.22 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. റിസര്‍വോയറിന്‍റെ 16 ഷട്ടറുകളില്‍ 15 എണ്ണം പൂര്‍ണമായും അടച്ചു. ഒരു ഷട്ടര്‍ 50 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയാണ് നീരൊഴുക്കിന്‍റെ വ്യത്യാസം അനുസരിച്ച്‌ വെള്ളം ഇപ്പോള്‍ ക്രമീകരിക്കുന്നത്.

ഈ വര്‍ഷം കാലവര്‍ഷം വളരെ കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം കണക്കിലെടുത്താണ് മാസങ്ങള്‍ക്ക് മുന്പു തന്നെ ജലസേചന വകുപ്പ് ഷട്ടറുകള്‍ അടച്ച്‌ എഫ്‌ആര്‍എല്‍ ലെവല്‍ ക്രമീകരിക്കുന്നത്. ജില്ലയുടെ കുടിവെള്ള സ്രോതസായ പഴശിയിലെ ജലം പാഴാകാതെ പരമാവധി സംരക്ഷിക്കുന്നതിലൂടെ വരാനിരിക്കുന്ന വേനലില്‍ ജില്ലയില്‍ മുടങ്ങാതെ കുടിവെള്ളം എത്തിക്കുക എന്നതാണ് ലക്ഷ്യം.

ട്രയല്‍ റണ്‍

പഴശി പദ്ധതിയുടെ പറശിനിക്കടവ് മെയിൻ കനാലിലെ 46.5 കിലോമീറ്ററില്‍ 42.5 കിലോമീറ്റര്‍ പറശിനിക്കടവ് പാലം വരെയും 15.2 കിലോമീറ്ററില്‍ ആരംഭിക്കുന്ന മാഹി ഉപകനാലിന്‍റെ 23 കിലോമീറ്ററില്‍ എട്ടു കിലോമീറ്റര്‍ വരുന്ന ദൂരം ഈവര്‍ഷം ഡിസംബറില്‍ തന്നെ ട്രയല്‍ റണ്‍ നടത്താനാണ് ജലസേചന വകുപ്പിന്‍റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ എഫ്‌ആര്‍എല്‍ ലെവലില്‍ പൂര്‍ണമായും നിലനിര്‍ത്തിയാല്‍ മാത്രമേ ജലസേചനത്തിനും കുടിവെള്ളത്തിനും ആവശ്യമായ ജലം സംഭരണിയില്‍ ലഭ്യമാകുകയുള്ളൂ. കഴിഞ്ഞ ട്രയല്‍ റണ്ണില്‍ 13.5 കിലോമീറ്റര്‍ മാത്രമാണ് ട്രയല്‍ നടത്തിയത്. റിസര്‍വോയറിലെ ജലത്തിന്‍റെ ലഭ്യത കുറവുകാരണം മാഹി ഉപകനാലിലേക്ക് വെള്ളം എത്തിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നത് അനുസരിച്ച്‌ മാഹി ഉപകനാലിലേക്ക് കൂടുതല്‍ ദൂരം ടെസ്റ്റ്‌ റണ്‍ നടത്താനാണ് വകുപ്പ് ലക്ഷ്യം ഇടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group