Join News @ Iritty Whats App Group

'അവർ പോരാട്ടം തുടരട്ടേ' ; ഗുസ്തി താരങ്ങളുടെ സമരത്തെ കുറിച്ച് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിൽ ആദ്യമായി പ്രതികരിച്ച് സൗരവ് ഗാംഗുലി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫൊഗാട്ട് എന്നിവരുടെ നേത‍ൃത്വത്തിലാണ് സമരം തുടരുന്നത്. ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നാണ് ഗുസ്തി താരങ്ങൾ വ്യക്തമാക്കുന്നത്.

താരങ്ങളുടെ സമരത്തിൽ ആദ്യമായാണ് സൗരവ് ഗാംഗുലി പരസ്യമായി പ്രതികരിക്കുന്നത്. ഗുസ്തി താരങ്ങൾ അവരുടെ പോരാട്ടം തുടരട്ടേയെന്ന് പറഞ്ഞ ഗാംഗുലി വിഷയത്തെ കുറിച്ച് മാധ്യമങ്ങളിലും കായിക ലോകത്തു നിന്നും വന്ന കാര്യങ്ങൾ മാത്രമേ തനിക്ക് അറിയൂവെന്നും പൂർണമായി അറിവില്ലാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.

അതേസമയം, ബ്രിജ് ഭൂഷണിനെതിരെ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. മെഡലുകൾ ഗംഗയിൽ എറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് താരങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കി. ആറുമണിക്ക് ഹരിദ്വാറിൽ മെഡലുകൾ ഒഴുക്കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ ഗേറ്റിൽ നിരാഹാരം ഇരിക്കുമെന്നും താരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചതിന് അറസ്റ്റ് ചെയ്തു നീക്കുകയും ജന്തർമന്തറിലെ സമരവേദിയിൽ നിന്ന് പൊലീസ് ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങൾ കടുത്ത നിലപാട് എടുത്തത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group