മൂന്നു പേർക്ക് പരിക്ക്
ഇരിട്ടി: വടകരക്ക് സമീപം കാർ നിർത്തിയിട്ട ടാങ്കർ ലോറിയിലിടിച്ച് എടൂർ സ്വദേശിയായ യുവ വൈദികൻ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും പരിക്കേറ്റു. തലശ്ശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫാ. ജോർജ് കരോട്ട്, ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ തലശ്ശേരി - കോഴിക്കോട് ദേശീയ പാതയിൽ വാടകരക്കു സമീപം ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. നാലുപേരും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
എടൂർ ഇടവകയിലെ ഒറ്റപ്ലാക്കൽ അപ്പച്ചൻ - കുട്ടിയമ്മ ദമ്പതികളുടെ മകനാണ് യുവ വൈദികനായ മനോജ് . സഹോദരങ്ങൾ: മഞ്ജുഷ, ഫാ.ജോജേഷ്, ജിജേഷ്.
നാടിനെ വേദനയിൽ മുക്കി യുവ വൈദികന്റെ മരണം
യുവ വൈദികൻ മനോജിന്റെ അപ്രതീക്ഷ മരണം അദ്ദേഹത്തിന്റെ നാടായ എടൂരിലെ ജനങ്ങളെ മുഴുവൻ കണ്ണീരിലാഴ്ത്തി.
2000 ത്തിൽ സെമിനാരി ജീവിതം ആരംഭിച്ച മനോജ് 2011 ലാണ് വൈദികനായി പട്ടം സ്വീകരിച്ചത്. പാണത്തൂർ ഇടവകയിൽ അസിസ്റ്റന്റ് വികാരി ആയിട്ടായിരുന്നു തുടക്കം. ചെറുപ്പം മുതലേ ചിത്രരചനയിലും പാട്ടിലും എഴുത്തിലും ഓരേ പോലെ ശോഭിച്ചിരുന്ന മനോജിനെ അറിയാത്തവരായി നാട്ടിൽ ആരും ഇല്ലെന്നു തന്നെ പറയാം. എല്ലാവരോടും സൗഹൃദം കൂടുകയും സൗമ്യമായി പെരുമാറുകയും ചെയ്തിരുന്ന ഫാ. മനോജിന്റെ അപ്രതീക്ഷിത വേർപാട് കുടുംബക്കാർക്കും നാട്ടുകാർക്കും ഇനിയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ എടൂരിലുള്ള ഭവനത്തിൽ എത്തിക്കുന്ന ഭൗതികശരീരം ഇവിടെ പൊതുദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വന്തം ഇടവകയായ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലും പൊതുദർശനത്തിന് വച്ച ശേഷം വൈകുന്നേരം 3 മണിയോടെ സംസ്കരിക്കും.
إرسال تعليق