Join News @ Iritty Whats App Group

ഡോക്ടർ വന്ദനയുടെ അരുംകൊലയിൽ അണയാതെ പ്രതിഷേധം; ചർച്ച വിളിച്ച് മുഖ്യമന്ത്രി, ഐഎംഎ പങ്കെടുക്കും


തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകള്‍ പ്രഖ്യാപിച്ച സമരം ഒത്തുതീർപ്പാക്കാൻ ഐഎംഎ അടക്കമുള്ള സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് മുഖ്യമന്ത്രി. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്കു വിളിച്ചത്. നാളെ പത്തരയ്ക്കാണ് ചർച്ച നടക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മരണത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഐഎംഎ നാളെ സംസ്ഥാന വ്യാപകമായ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ കെജിഎംഒഎയും സമരം നാളെയും തുടരുമെന്ന് അറിയിച്ചു. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കുമെന്നാണ് കെജിഎംഒഎയുടെ പ്രഖ്യാപനം. അതേസമയം. അത്യാഹിത വിഭാഗങ്ങളിൽ സേവനം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു. ചീഫ് സെക്രട്ടറിയുമായി ഇന്ന് ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഡോക്ടർമാരുടെ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്.

അതേസമയം ഡോക്ടർ വന്ദനയുടെ മൃതദേഹം രാത്രിയോടെ കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മൃതദേഹം നാളെയാണ് സംസ്കരിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group